ആദ്യത്തെ മിസ് കേരള, ഏറ്റവും അധികം ശമ്പളം വാങ്ങുന്ന തിരക്കുള്ള നായിക, അഞ്ചു വര്‍ഷത്തിനുളളില്‍ എഴുപതോളം സിനിമകള്‍. വര്‍ഷം പത്ത് മുതല്‍ 13 പടങ്ങളില്‍ വരെ നായിക. തമിഴിലും സൂപ്പര്‍ഹിറ്റുകള്‍. ചെറിയകാലം കൊണ്ട് രാമു കാര്യാട്ട്, കെ.ജി.ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി.ശശി, തുടങ്ങിയ മഹാരഥന്‍മാരുടെ ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം. സത്യനും നസീറും അടക്കമുളള നായകന്‍മാര്‍. മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. പക്ഷെ വിധി റാണി ചന്ദ്രയ്ക്ക് സമ്മാനിച്ചത് വന്‍ ദുരന്തമാണ്. കേവലം 27ാം വയസ്സില്‍ വിമാനാപകടത്തില്‍ കത്തിക്കരിഞ്ഞ് ചാമ്പലാകാനായിരുന്നു വിധി.
1976 ഒക്ടോബര്‍ 12 ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികളടക്കം 97 പേര്‍ മരിച്ചു. ഇതിലാണ് നടി റാണി ചന്ദ്ര കൊല്ലപ്പെട്ടത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈയില്‍ നിന്ന് മദ്രാസിലേക്ക് മടങ്ങുകയായിരുന്നു റാണിയും അമ്മയും മൂന്ന് സഹോദരിമാരും. യാത്രതിരിച്ചയുടന്‍ വിമാനത്തിന് തീ പിടിക്കുകയും വിമാനത്താവളത്തിന് സമീപം കത്തിയമരുകയുമയിരുന്നു. റാണി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അക്കൂട്ടത്തില്‍ റാണിയുടെ ഡാന്‍സ് ട്രൂപ്പ് അംഗങ്ങളും പക്കമേളം കലാകാരന്‍മാരുമുണ്ടായിരുന്നു. 86 യാത്രക്കാരും 9 വിമാനജീവനക്കാരും ഉള്‍പ്പെടെ 97 പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു.
റാണിചന്ദ്രയുടെ അകാലവിയോഗത്തില്‍ അന്ന് ഒട്ടേറെ നിഗൂഢതകള്‍ ആരോപിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പരക്കുകയും ചെയ്തു. ദുബായ് അടക്കം അഞ്ചു രാജ്യങ്ങളിലെ നൃത്ത പരിപാടികള്‍ കഴിഞ്ഞാണ് റാണി മുംബൈയില്‍ എത്തിയത്.ഈ പ്രോഗ്രാമുകളെല്ലാം ഏര്‍പ്പാട് ചെയ്തിരുന്നത് അവരുടെ സുഹൃത്തായ കൊല്ലം സ്വദേശി സജാദ് തങ്ങളായിരുന്നു. മുംബൈയില്‍ നിന്നും മദ്രാസിലേക്കുളള യാത്രയില്‍ സജാദ് തങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവസാന നിമിഷം മറ്റ് ചില തിരക്കുകള്‍ മൂലം സുഹൃത്തായ സുധാകരനെ ആ ചുമതല ഏല്‍പ്പിച്ച് സജാദ് മാറി നിന്നു. എന്നാല്‍ യാത്രയില്‍ സജാദും ഒപ്പമുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടക്കം കരുതി. വിമാനപകടത്തില്‍ സജാദ് മരിച്ചുവെന്നായിരുന്നു എല്ലാവരുടെയും ധാരണ.റാണിയുടെ അവിചാരിത മരണവാര്‍ത്ത അറിഞ്ഞ സജാദ് ആകെ തകര്‍ന്നുപോയി. നാട്ടിലേക്ക് മടങ്ങാന്‍ പോലും മനസനുവദിച്ചില്ല. അതുകൊണ്ട് വിമാനാപകടത്തില്‍ സജാദും മരിച്ചുവെന്ന് തന്നെ കുടുംബത്തിലുളളവര്‍ പോലും ഉറപ്പിച്ചു. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2021 ഓഗസ്റ്റ് പത്തിന് അന്നത്തെ പത്രങ്ങളില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. റാണിചന്ദ്രയോടൊപ്പം മരിച്ചുവെന്ന് കരുതപ്പെട്ട സജാദ് മരിച്ചിട്ടില്ലെന്നും മുംബൈയിലെ ഒരു ആശ്രമത്തില്‍ കഴിയുന്നുവെന്നുമായിരുന്നു വാര്‍ത്ത.
Read Also: ഇന്നലെ രഞ്ജിത പറഞ്ഞു, ‘ഞാന്‍ പോയിട്ട് വേഗം വരും’, ഇന്നറിഞ്ഞത് മരണം, നൊമ്പരം