അമിതാഭ് ബച്ചനൊപ്പമുള്ള അനുഭവം ഓര്‍ത്തെടുക്കുകയാണ് നടി ശോഭന. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിതാഭിനൊപ്പം ഒരു പാട്ട് രംഗത്തില്‍ അഭിനയിച്ചതിനെ പറ്റിയാണ് ശോഭന പറഞ്ഞത്. തനിക്ക് വസ്ത്രം മാറാനായി സൗകര്യമില്ലായിരുന്നുവെന്നും അമിതാഭ് ബച്ചന്‍ ഇടപെട്ടാണ് അന്ന് സൗകര്യമൊരുക്കിയതെന്നും ശോഭന പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ഒരു ക്യു ആൻ എ സെഗ്മെന്റിൽ ആണ് അമിതാഭ് ബച്ചനൊപ്പമുള്ള പഴയ ഒരു അനുഭവം ശോഭന വിവരിച്ചത്.
'വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ബച്ചന്‍ സാറിനൊപ്പം ഒരു സോങ് ഷൂട്ടിലായിരുന്നു ഞാന്‍. ആ പാട്ട് രംഗത്തില്‍ എനിക്ക് ധാരാളം തവണ വസ്ത്രം മാറേണ്ടതുണ്ടായിരുന്നു. ബച്ചന്‍ സാറിന് അദ്ദേഹത്തിന്റെ കാരവാന്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനെ കാണാന്‍ തിങ്ങിനിറഞ്ഞവരാല്‍ അഹമ്മദാബാദ് മുഴുവന്‍ നിശ്ചലമായി. എനിക്ക് ധാരാളം കോസ്റ്റ്യൂം ചേഞ്ച് ഉണ്ടായിരുന്നതിനാല്‍ ‘എന്റെ കാരവാന്‍ എവിടെ’ എന്ന് ഞാന്‍ ചോദിച്ചു.
അപ്പോൾ സെറ്റിലുള്ള ഒരാള്‍ പറഞ്ഞത്, ‘അവര്‍ കേരളത്തില്‍ നിന്ന് വന്നവരാണ്, നന്നായി അഡ്ജസ്റ്റ് ചെയ്യും, ഒരു മരത്തിന് പിന്നില്‍ നിന്ന് വസ്ത്രം മാറാന്‍ കഴിയും.' എന്നാണ്. വാക്കി ടോക്കിയില്‍ ഇത് കേട്ട ബച്ചന്‍ സാര്‍ ഉടനെ പുറത്തിറങ്ങി, ‘ആരാണ് അങ്ങനെ പറഞ്ഞത്?’ എന്ന് ഉറക്കെ ചോദിച്ചു. എന്നിട്ട് അദ്ദേഹം എന്നെ അദ്ദേഹത്തിന്‍റെ കാരവാനിലേക്ക് ക്ഷണിച്ചു. അദ്ദേഹം പുറത്തേക്കിറങ്ങി നിന്നു. അന്നും ഇന്നും അദ്ദേഹം ഏറെ പാരമ്പര്യവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നു. അദ്ദേഹത്തിന് പ്രോസ്‌തെറ്റിക് മേക്കപ്പ് ഉണ്ടായിരുന്നിട്ടും, ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വരുമ്പോഴെല്ലാം അദ്ദേഹം എഴുന്നേറ്റ് അഭിവാദ്യം ചെയ്യുമായിരുന്നു,' ശോഭന പറഞ്ഞു.