പിങ്ക് കളര്‍ ബെല്‍ബോട്ടം പാന്‍റും ഷര്‍ട്ടും, തോളോളം നീളുന്ന അലസമായ മുടിയും പറപ്പിച്ച് കൊച്ചിന്‍ കാര്‍ണിവലിനിടയില്‍ മുഴങ്ങുന്ന ചെട്ടികുളങ്ങരയ്ക്കൊപ്പം ജനകൂട്ടത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ലാലേട്ടന്‍, ശരിക്കും ഇതല്ലേ തിയേറ്റര്‍ കുലുക്കുന്ന ഇന്‍ട്രോ. റി റിലീസ് ചെയ്ത ഛോട്ടാ മുംബൈയെ വീണ്ടും തിയേറ്ററില്‍ ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍. ആദ്യ ദിനം 40 ലക്ഷം രൂപയുടെ ഓപ്പണിംഗ് കളക്ഷൻ നേടിയപ്പോൾ രണ്ടാം ദിനത്തിൽ ഛോട്ടാം മുംബൈ കരസ്ഥമാക്കിയത് 78 ലക്ഷം രൂപയാണ്. രണ്ട് ദിവസം കൊണ്ട് 1.18 കോടി.
18 വര്‍ഷം മുന്‍പ് റിലീസായി ഹിറ്റടിച്ച ചിത്രമാണ് വീണ്ടും തിയേറ്ററുകളെ നിറയ്ക്കുന്നത്. തലയ്ക്കൊപ്പം മറ്റ് കഥാപാത്രങ്ങളും അഴിഞ്ഞാടിയ ചിത്രം കൂടിയാണ് ഛോട്ടാ മുംബൈ. മുള്ളന്‍ ചന്ദ്രപ്പനും, പടക്കം ബഷീറും ടോമിച്ചനും സൈനുവും സുശീലനുമെല്ലാം തലക്കൊപ്പം അറിഞ്ഞു വിളയാടി. നായകനും ഗ്യാങ്ങും തല തെറിച്ചവരാകുമ്പോള്‍ നന്മ നിറച്ച് കര്‍ക്കശക്കാരിയായ നായികമാരുടെ പതിവിനെ തെറ്റിക്കുന്നതായി ഭാവനയുടെ പറക്കും ലത. കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും, ഈ ഡയലോഗ് മാത്രം മതി, ഛോട്ടാ മുംബൈയിലെ സിഐ നടേശന്‍ ആരെന്നും ആ കഥാപാത്രത്തിന്‍റെ വില്ലനിസം എന്തെന്നും മനസിലാക്കാന്‍. മൈക്കിള്‍ ആശാന്‍, പാമ്പ് ചാക്കോച്ചന്‍, സതീശന്‍, മാമ സുനി, സിഐ അലക്സാണ്ടര്‍ എന്നിങ്ങനും വന്നവനും നിന്നവനുമെല്ലാം സ്കോര്‍ ചെയ്ത ഛോട്ടാ മുംബൈയുടെ ഓളം ബിഗ് സ്ക്രീനില്‍ ആഘോഷിക്കാന്‍ ജനം തിയേറ്ററുകളിലേക്ക് ഒഴുകുന്നെങ്കില്‍ അത്ഭുതമില്ല.
മലയാള സിനിമ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു ക്ലാഷിനും കൂടിയായിരുന്നു 2007 സാക്ഷ്യം വഹിച്ചത്. ഛോട്ടാ മുംബൈ, ബിഗ് ബി, വിനോദ യാത്ര എന്നീ ചിത്രങ്ങള്‍ക്ക് പുറമേ പന്തയക്കോഴി, അതിശയന്‍, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങള്‍ കൂടി വിഷുവിന് റിലീസ് ചെയ്തിരുന്നു. മലയാള സിനിമയില്‍ ഏതെങ്കിലും തരത്തില്‍ അടയാളപ്പെടുത്തിയ ചിത്രങ്ങളാണ് ഇതൊക്കെ.
10 മുതല്‍ 12 കോടി വരെയാണ് അന്ന് ഛോട്ടാ മുംബൈ തിയേറ്ററുകളില്‍ നിന്നും കളക്ട് ചെയ്തത്. ക്ലാഷില്‍ ഛോട്ടാ മുംബൈക്ക് പിന്നിലെത്തിയത് ദിലീപിന്‍റെ വിനോദയാത്രയായിരുന്നു. വിനോദിന്‍റെ ജീവിതയാത്രക്കിടെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ അനുപമയും അവള്‍ കാട്ടിത്തരുന്ന ജീവിതയാഥാര്‍ഥ്യങ്ങളും ഇന്നും വിനോദയാത്രയെ ജീവിതഗന്ധിയാക്കുന്നു. കുടുംബപ്രേക്ഷകരൊന്നാകെ വിനോദ യാത്രയെ ഏറ്റെടുത്തു. എട്ട് മുതല്‍ 9 കോടി വരെയാണ് വിനോദ യാത്ര കളക്ഷട് ചെയ്തത്.
വിനോദ യാത്രക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബിഗ് ബി എത്തിയത്. അന്നത്തെ പ്രേക്ഷകര്‍ക്ക് ബിഗ് ബിയുടെ റേഞ്ച് മനസിലാക്കാനായില്ല. ആവറേജ് പെര്‍ഫോമന്‍സ് മാത്രമാണ് ചിത്രം തിയേറ്ററുകളില്‍ നടത്തിയത്. അമല്‍ നീരദിന്‍റെ സ്റ്റൈലിഷ് ഡയറക്ഷന്‍ പിന്നീട് മലയാളത്തിന്‍റെ തലവര തന്നെ മാറ്റി. ബിലാലിന്‍റെ മിനിമല്‍ ഡയലോഗുകളിലെ വമ്പന്‍ ഇംപാക്ട് ഇന്നും റീലുകളിലും കമന്‍റുകളിലും കാണാനാവും. ഓരോ വര്‍ഷവും ബിഗ് ബിയുടെ വീര്യം കൂടിവരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ നിറം മങ്ങാനായിരുന്നു ബി ബിയുടെ വിധി. തലയും പിള്ളേരും കൊട്ടികയറിയപ്പോള്‍ ബിഗ് ബി വിനോദ യാത്രക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി. കളക്ഷന്‍ ആറ് കോടിക്കും ഏഴ് കോടിക്കും ഇടയില്‍.
വിഷുവിന് ഛോട്ടാ മുംബൈ തരംഗമായി, ക്ലാഷില്‍ ബിഗ് ബിയെ മറിടന്നു. എന്നാല്‍ അന്ന് ഇയര്‍ ടോപ്പറായത് ഒരു മമ്മൂട്ടി ചിത്രമാണ്. ഷാഫിയുടെ സംവിധാനത്തില്‍ പിറന്ന മറ്റൊരു മാജിക്, മായാവി. 15 മുതല്‍ 16 കോടി വരെയായിരുന്നു കളക്ഷന്‍. 100 ദിവസത്തിലധികം മായാവി കേരളത്തിലോടി. ഇയര്‍ ടോപ്പറില്‍ അന്ന് രണ്ടാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രം ഹലോ ആണെത്തിയത്. ഇതിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഛോട്ടാ മുംബൈ.
കളക്ഷനുകളെ മാറ്റി നിര്‍ത്തിയാല്‍ മലയാളം എന്നെന്നും ആഘോഷിക്കുന്ന കുറച്ചധികം നല്ല സിനിമകളെ നമുക്ക് ലഭിച്ച വര്‍ഷമാണ് 2007. റീറിലീസുകളിലൂടെ കഴിഞ്ഞുപോയ നല്ല സിനിമാ ദിവസങ്ങളെ നമുക്ക് വീണ്ടും ഓര്‍ക്കാം.