Image Credit : Facebook
തന്‍റെ സന്തതസഹചാരിയും മേക്കപ്പ്മാനും നിര്‍മാതാവുമായ ജോര്‍ജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി. പ്രിയപ്പെട്ട ജോര്‍ജിന് ഹൃദയം നിറഞ്ഞ ജന്മദനാശംസകള്‍ എന്നാണ് മമ്മൂട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചത്. ജോര്‍ജിനൊപ്പമുളള ചിത്രവും മമ്മൂട്ടി പങ്കുവച്ചു. മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധിയാളുകളാണ് ജോര്‍ജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
മമ്മൂട്ടിയെന്ന താരത്തിന്റെ ഉന്നതിയിലും ജീവിതയാത്രയിലുമെല്ലാം എപ്പോഴും കൂടെയുള്ള സൗഹൃദം എന്ന ജോര്‍ജിനെ വിശേഷിപ്പിക്കാറ്. ഐ.വി. ശശി ചിത്രമായ ‘നീലഗിരി’ എന്ന ചിത്രത്തിൽ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര തുടങ്ങുന്നത്. കൗരവര്‍ എന്ന ചിത്രത്തിലാണ് ജോര്‍ജ് സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 25ൽ അധികം ചിത്രങ്ങളിൽ മമ്മൂട്ടിയുമായി സഹകരിച്ച ജോർജ് താരത്തിന്റെ പേഴ്‌സണൽ മേക്കപ്പ് മാനായി മാറുകയായിരുന്നു. 40-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ്മാനുള്ള അവാർഡ് രതീഷ് അമ്പാടിയോടൊപ്പം ജോര്‍ജ് പങ്കിട്ടിരുന്നു. പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.
ഇന്ന് മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവാണ് ജോര്‍ജ്. മമ്മൂട്ടി ചിത്രം മായാവിയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് ആയിരുന്നു. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ‘ഇമ്മാനുവൽ’ എന്ന ചിത്രം നിർമ്മിച്ചതും ജോർജാണ്. അച്ചാ ദിന്‍, പുഴു തുടങ്ങിയ ചിത്രങ്ങളും ജോര്‍ജ് നിര്‍മിച്ചു. 2023ല്‍ റീലീസ് ചെയ്ത വേല എന്ന ചിത്രമാണ് ജോര്‍ജ് അവസാനമായി നിർമിച്ചത്. മമ്മൂക്കയുടെ വലം കൈയെന്നാണ് മലയാളസിനിമയും മമ്മൂട്ടി ആരാധകരും ജോര്‍ജിനെ വിശേഷിപ്പിക്കുന്നത്.