ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളിയെ' നല്ല സിനിമകളുടെ പട്ടികയിലാണ് പ്രേക്ഷകര്‍ കാണുന്നതെന്ന് നടന്‍ ജഗദീഷ്. മമ്മൂട്ടി ചിത്രം 'കാതലി'ന്‍റെ കളക്ഷന്‍ ആരും അന്വേഷിച്ചിട്ടില്ലെന്നും അതുപോലെയാണ് അഭ്യന്തര കുറ്റവാളിയെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആസിഫ് അലി സൂപ്പര്‍ സ്റ്റാറല്ല, സൂപ്പര്‍ ആക്ടറാണെന്നും ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു.
'മമ്മൂക്കയുടെ 'കാതല്‍' നല്ല പടമാണ്. അത് എത്ര കോടി ക്ലബ്ബില്‍ കയറി എന്ന് ആരും അന്വേഷിച്ചിട്ടില്ല. നല്ല ചിത്രത്തിന്‍റെ പട്ടികയിലാണ് നമ്മള്‍ പെടുത്തുന്നത്. അതുപോലെ 'ആഭ്യന്തര കുറ്റവാളി' എത്ര കോടി ക്ലബ്ബിലെന്ന് ആരും ചര്‍ച്ച ചെയ്യില്ല, ഉറപ്പാണ്. എത്ര കിട്ടിയാലും സന്തോഷമാണ്.
'ആഭ്യന്തര കുറ്റവാളി' ഇന്ത്യന്‍ സാഹചര്യത്തില്‍ നമുക്ക് സ്വീകാര്യമാവുന്ന കാര്യമാണ്. ചില സിനിമകളാണ് ഇത്ര കോടി ക്ലബ്ബില്‍ കടക്കാന്‍ സാധ്യതയുള്ളത്. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്ക് ചിലപ്പോള്‍ ആസിഫ് അലി എത്തുമായിരിക്കും. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹത്തിന് താല്‍പര്യമില്ല, നമുക്കും താല്‍പര്യമില്ല. അദ്ദേഹത്തെ സൂപ്പര്‍ ആക്ടര്‍ എന്ന് വിശേഷിപ്പിക്കാനാണ് താല്‍പര്യം,' ജഗദീഷ് പറഞ്ഞു.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ, തുളസി, ശ്രേയാ രുക്മിണി, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.