Image: Instagram/samantha

Image: Instagram/samantha

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സംവിധായകന്‍ രാജ് നിധിമൊരുമായുള്ള പ്രണയ വാര്‍ത്തകള്‍ക്കിടെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയാണ് സജീവ ചര്‍ച്ച. 'നത്തിങ് ടു ഹൈഡ്' എന്ന പേരില്‍ താരം പങ്കിട്ട വിഡിയോയിലെ സാമന്തയെ കണ്ട് ആരാധകര്‍ ഞെട്ടി. വിവാഹമോചനം കഴിഞ്ഞ് അഞ്ചാം വര്‍ഷം സാമന്ത ചായ്​യെ മായ്ച്ചിരിക്കുന്നു. കഴുത്തിന് പിന്നിലായി ഉണ്ടായിരുന്ന 'യെ മായ ചെസാവെ'യെന്ന ടാറ്റുവാണ് അപ്രത്യക്ഷമായിരിക്കുന്നത്. 

2010 ല്‍ 'യെ മായാ ചെസാവ'യിലൂടെയാണ് സാമന്ത നായികയായി അരങ്ങേറിയത്. നാഗചൈതന്യയായിരുന്നു നായകന്‍. പിന്നാലെ ഇരുവരും പ്രണയത്തിലായി. 2017 ല്‍ വിവാഹിതരുമായി. ഈ ചിത്രത്തിന്‍റെ ഷൂട്ടിങിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍.

ആരാധകരെ കടുത്ത നിരാശയിലാക്കി 2020 ല്‍ ഇരുവരും പിരിഞ്ഞു. 2021 ല്‍ വിവാഹമോചിതരുമായി. കഴിഞ്ഞ വര്‍ഷം നാഗചൈതന്യ , ബോളിവുഡ് താരവും മോഡലുമായ ശോഭിത ധൂലിപാലയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം മുതലേ സാമന്ത ടാറ്റൂ മായ്ക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൈത്തണ്ടയില്‍ ചായ്​യുമായി ചേര്‍ന്ന് കുത്തിയിരുന്ന ടാറ്റുവാണ് ആദ്യം ആരാധകരുടെ കണ്ണില്‍പ്പെട്ടത്. ഏറെക്കുറെ മാഞ്ഞ നിലയിലായിരുന്നു അത്. 

അതേസമയം, സാമന്ത ടാറ്റൂ മായ്ച്ചിട്ടില്ലെന്നും പരസ്യത്തിന്‍റെ ആവശ്യത്തിനായി മറച്ചതാണെന്നും ചിലര്‍ വാദിക്കുന്നു. ടാറ്റൂ ചെയ്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് 2020 ല്‍ ആരാധകരുമായി നടത്തിയ സംവാദത്തിനിടയില്‍ താരം വെളിപ്പെടുത്തിയിരുന്നു. 'എന്നെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ടാറ്റൂ ഏതാണെന്ന' ആരാധകരിലൊരാളുടെ ചോദ്യത്തിന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അന്ന് സാമന്ത മറുപടി നല്‍കിയത്. 'പഴയ എന്നോട് തന്നെ എനിക്ക് പറയാനുള്ളത് ഒരിക്കലും ടാറ്റൂ ചെയ്യരുതെന്നാണ്. ഒരിക്കലും ഒരിക്കലും അത് ചെയ്യരുത്'- ചിരിക്കുന്ന മുഖത്തോടെയുള്ള വിഡിയോ സന്ദേശത്തില്‍ താരം പറഞ്ഞു. 

ENGLISH SUMMARY:

South Indian superstar Samantha is making headlines after fans noticed her "Ye Maaya Chesave" tattoo, linked to ex-husband Naga Chaitanya, has disappeared in her latest "Nothing to Hide" video, five years post-divorce