തന്റെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും നെഗറ്റീവ് പ്രചാരണം നടക്കുന്നുണ്ടെന്ന് നടന്‍ ധനുഷ്. തന്നെ കുറിച്ച് എന്ത് വ്യാജപ്രചാരണങ്ങള്‍ വേണമെങ്കിലും നടത്തിക്കോളൂവെന്നും എന്നാല്‍ ഒപ്പം ആരാധകരുള്ളിടത്തോളം തന്നെ ഒന്നും ചെയ്യാനാവില്ലെന്നും ധനുഷ് പറഞ്ഞു. പുതിയ ചിത്രമായ കുബേരന്‍റെ ഓഡിയോ ലോഞ്ചിലായിരുന്നു ധനുഷിന്‍റെ പരാമര്‍ശങ്ങള്‍. കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ധനുഷിന്‍റെ വാക്കുകള്‍ ആരാധകര്‍ സ്വീകരിച്ചത്.
'എന്റെ ഓരോ സിനിമ പുറത്തിറങ്ങുന്നതിനും ഏതാണ്ട് ഒന്നര മാസം മുൻപ് എനിക്കെതിരെ ശക്തമായ നെഗറ്റീവ് പ്രചാരണം നടക്കുന്നു. പക്ഷേ 23 വർഷമായി എനിക്കൊപ്പം തൂണുപോലെ നിലകൊള്ളുന്ന ആരാധകരുള്ളിടത്തോളം അവർക്ക് ഒന്നും ചെയ്യാനാവില്ല. അവർ എന്റെ സുഹൃത്തുക്കളാണ്. എത്ര വ്യാജങ്ങൾ വേണമെങ്കിലും പ്രചരിപ്പിക്കാം. എന്നെക്കുറിച്ച് എന്ത് മോശം വാർത്തകളും പ്രചരിപ്പിക്കാം. പക്ഷേ വ്യാജങ്ങൾ പ്രചരിപ്പിച്ച് തകര്‍ക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ വിഡ്ഢിത്തം വേറെയില്ല. ഒരു കട്ട പോലും ഇളക്കാനാവില്ല.
നിങ്ങൾ ആരായിരുന്നാലും, എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. നിങ്ങൾക്ക് വരേണ്ടത് നിങ്ങൾക്കുതന്നെ വരും. അത് നിങ്ങളിൽനിന്ന് ആർക്കും തട്ടിപ്പറിക്കാൻ കഴിയില്ല. സന്തോഷമായിരിക്കുക. സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്. അത് നിങ്ങളുടെ ഉള്ളിലാണ്. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഞാൻ നല്ല നിലയിലാണ്. പക്ഷേ, ഏത് അവസ്ഥയിലായിരുന്നാലും ഞാൻ സന്തോഷവാനാണ്. കാരണം ഞാൻ ഒരിക്കലും പുറത്ത് സന്തോഷം തേടിയിട്ടില്ല. ഞാൻ എന്നിലെ സന്തോഷമാണ് തേടിയത്.
ജീവിതത്തിൽ സമാധാനത്തിനും സന്തോഷത്തിനും അപ്പുറം മറ്റൊന്നുമില്ല. ഇത്രയധികം വർഷളായി എന്റെ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടും, എന്റെ ഈ യാത്രയിലുടനീളം നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ ഭാഗ്യവാനും നന്ദിയുള്ളവനുമാണ്,' ധനുഷ് പറഞ്ഞു.