TOPICS COVERED

തെന്നിന്ത്യയാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന തഗ്​ലൈഫ്. കമലിന് പുറമേ, തൃഷ, അഭിരാമി, ചിമ്പു, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, സാന്യ മല്‍ഹോത്ര എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ വന്നതിനുപിന്നാലെ വിമര്‍ശനവും ഉയര്‍ന്നു. ചിമ്പുവിന്‍റെ ജോഡിയായിട്ടാവും തൃഷ എത്തുക എന്ന് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു കമലിനൊപ്പം തൃഷയുടെ റൊമാന്‍റിക് രംഗം കൂടി ഉള്‍പ്പെട്ട തഗ്​ലൈഫ് ട്രെയിലര്‍ വന്നത്. മകളുടെ പ്രായമുള്ള നായികക്കൊപ്പം കമല്‍ റൊമാന്‍സ് ചെയ്യുന്നതിനെ വിമര്‍ശിച്ചും അധിക്ഷേപിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങളില്‍ പ്രതികരണം നടത്തുകയാണ് സംവിധായകന്‍ മണിരത്നം. കഥാപാത്രങ്ങളെ അങ്ങനെ തന്നെ കാണണമെന്നും അഭിനേതാക്കളെ വച്ചല്ല വിലയിരുത്തേണ്ടതെന്നും മണിരത്നം പറഞ്ഞു. വലിയ പ്രായവ്യത്യാസമുള്ളവര്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രണയിക്കാറുണ്ടെന്നും മിഡ്–ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണിരത്നം പറഞ്ഞു. 

'യഥാര്‍ഥജീവിതത്തില്‍ പ്രായത്തില്‍ ഒരുപാട് ഇളപ്പമുള്ളവരുമായി പ്രണയബന്ധങ്ങളുള്ള ആളുകളുണ്ട്,  ആണാണെങ്കിലും പെണ്ണാണെങ്കിലും. അതാണ് സത്യാവസ്ഥ. കാലങ്ങള്‍ക്ക് മുമ്പേ അങ്ങനെയാണ്, ഇപ്പോഴുണ്ടായതല്ല. സിനിമയില്‍ കാണുമ്പോള്‍ നാമത് അവഗണിക്കാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ മുന്‍വിധികള്‍ നടത്തുന്നു, ഒരു രീതിയില്‍ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കുന്നു. 

ഇത്തരം രംഗങ്ങളെ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തൂ, അഭിനയിക്കുന്ന അഭിനേതാക്കളെ വച്ചല്ല. അത് തൃഷയും കമലുമല്ല, രണ്ട് കഥാപാത്രങ്ങളാണ്. സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ,' മണിരത്നം പറഞ്ഞു. 

ENGLISH SUMMARY:

Social media has been abuzz with criticism and abuse directed at Kamal Haasan for romancing a heroine young enough to be his daughter. Director Mani Ratnam has responded to these criticisms, stating that characters should be viewed as they are presented, and evaluations should not be based on the actors portraying them.