പ്രൊഫഷണൽ മാനേജരെ മർദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിനാണ് തന്നെ മർദിച്ചതെന്ന് വിപിൻ പറഞ്ഞു. ഇതിന് പിന്നാലെ സൈബറിടം വീണ്ടും കുത്തിപ്പെക്കിയിരിക്കുകയാണ് ഉണ്ണിയും മേജര്‍ രവിയും തമ്മിലുണ്ടായ പഴയ ഒരു വഴക്ക്. ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിയും ജയറാമുമായിരുന്നു സലാം കാശ്മീരിലെ താരങ്ങള്‍. ഉണ്ണി മുകുന്ദന്‍ സിനിമയുടെ ചിത്രീകരണം കാണാന്‍ എത്തിയതായിരുന്നു. ജോഷിയുടെ സഹായിയായി മേജര്‍ രവി സെറ്റിലെത്തിയിരുന്നു. അവസാനഘട്ട ചിത്രീകരണം നടക്കുന്ന അമ്പലമേടില്‍ വച്ച് മേജര്‍ രവി ഉണ്ണി മുകുന്ദനുമായി തര്‍ക്കത്തിലായെന്നും ഉണ്ണി തല്ലിയെന്നുമാണ് വാര്‍ത്തകള്‍ അന്ന് പ്രചരിച്ചത്.
എന്നാല്‍ മേജർ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിനിടെ ഇരുവരും സൗഹൃദത്തിലായിരുന്നു. ഫെയ്സ്ബുക്കില്‍ ഉണ്ണി മുകുന്ദന്‍ വികാരനിര്‍ഭരമായി ഒരു കുറിപ്പും അന്ന് എഴുതിയിരുന്നു.
അന്ന് ഉണ്ണി എഴുതിയ കുറിപ്പ്
ജീവിതം നമുക്ക് എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് മുൻകൂട്ടി പ്രവചിക്കാനാകില്ല. പലപ്പോഴും അവിചാരിതമായ നിമിഷങ്ങളായിരിക്കും നമുക്ക് സമ്മാനിക്കുക. മേജർ രവിയുടെ അറുപതാം പിറന്നാൾ ദിനം അദ്ദേഹത്തോടൊപ്പം ആഘോഷത്തിൽ പങ്കു ചേർന്നത് എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ അവിചാരിതമായ നിമിഷങ്ങളിലൊന്നായിരുന്നു അത്. പിറന്നാളിന് ക്ഷണം ലഭിച്ചിട്ട് ഞാൻ പോകാതിരുന്നെങ്കിൽ എന്റെ ജീവിതത്തിലെ അസുലഭമായ ഒരു നിമിഷം ഞാൻ നഷ്ടപ്പെടുത്തുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പുതിയ പല കാര്യങ്ങളും ഞാൻ പഠിച്ചു. അനുഭവങ്ങളിൽ നിന്ന് പല കാര്യങ്ങളും ഉൾക്കൊള്ളുകയും ചെയ്തു. ഇന്നല്ലെങ്കിൽ നാളെ ഇത്തരത്തിൽ ഒരു സന്ദർഭം ഉണ്ടാകുമായിരുന്നു.
മേജർ രവിയും ഞാനുമായി ഒരുപാട് സാദൃശ്യമുള്ള ഒരാളാണെന്ന് എനിക്ക് മനസിലായി. ഞങ്ങള്‍ രണ്ടുപേരും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നവരാണ്. സഹപ്രവര്‍ത്തകരോട് കരുണയുള്ളവരാണ്. ഞങ്ങള്‍ ലക്ഷ്യബോധത്തോട് കൂടി മുന്നേറുന്നവരാണ്. ഈ സമാന ചിന്താഗതി ഭൂതകാലത്തെ എല്ലാ മുറിവുകളും ഇല്ലാതാക്കുന്നതാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് നടന്ന ചർച്ചകള്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നവയായിരുന്നു. ഇത് എന്റെ കണ്ണു തുറപ്പിച്ചു.ജീവിതത്തിൽ എന്തൊക്കെയാണ് പ്രധാനപ്പെട്ടതെന്നും അപ്രധാനമായവ എന്തൊക്കെയാണെന്നും തിരിച്ചറിയാൻ ഈ സംഭവങ്ങൾ സഹായകമായി. കാര്യങ്ങളെ തെളിമയോടെ കാണുവാനും മനസ്സിലാക്കുവാനും ഇത്തരം സന്ദർഭങ്ങൾ ജീവിതത്തിൽ ഉപകരിക്കും. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാൽ മാത്രമേ നമുക്ക് പക്വതയോടെ പെരുമാറാൻ സാധിക്കുകയുള്ളൂ. പക്വതയെന്നാൽ മനസ്സിലുള്ള കാര്യങ്ങൾ മാന്യതയോടെ അവതരിപ്പിക്കാൻ കഴിയുക എന്നത് കൂടിയാണ്. ഇതുപോലെയുള്ള അവസ്ഥകളിൽ നിന്ന് പാഠമുൾക്കൊണ്ട്, ഉപായങ്ങൾ പറയാതെ മാറ്റം യാഥാർഥ്യമാക്കുന്നതാണ് പക്വതയുടെ അളവുകോൽ എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രിയപ്പെട്ട മേജർ, നിങ്ങൾക്ക് ഞാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ഭാവിയിലും നമ്മൾ ഒന്നിച്ചുള്ള യാത്ര അർഥ സമ്പന്നമാകട്ടെ.