രാവണനാണ് നമ്മുടെ നായകനെന്നും രാമനല്ലെന്ന് റാപ്പര്‍ വേടന്‍. രാവണനെ പറ്റി തന്‍റെ പുതിയ പാട്ട് വരുന്നുണ്ടെന്നും അത് ഇറങ്ങിക്കഴിയുമ്പോള്‍ എന്നെ വെടിവച്ചുകൊല്ലുമോ എന്നറിയാമെന്നും വേടന്‍ പറഞ്ഞു. സ്പോട്ട്ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേടന്‍.
'പത്തുതല എന്നൊരു പാട്ട് വരുന്നുണ്ട്. ആ പാട്ടിറങ്ങി കഴിഞ്ഞാല്‍ ഇവന്മാരെന്നെ വെടിവച്ചുകൊല്ലുമോ എന്നറിയാം. രാവണനെ കുറിച്ചുള്ളതാണ്. ശ്രീലങ്കയില്‍ നിന്നുമാണ് ഇന്‍സ്പിരേഷന്‍. കമ്പ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാട്ട്. രാവണൻ ആണ് നമ്മുടെ നായകന്‍. നമുക്ക് രാമനെ അറിയില്ല. ഇച്ചിരി പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാംലീല മൈതാനത്ത് ആണ്ടുതോറും രാവണനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക. മര്യാദപുരുഷോത്തമന്‍ രാമനെ അറിയില്ല,' വേടന്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലും കേരളത്തിലും വര്‍ണ്ണവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ജാതി നോക്കാതെ എല്ലാവരും അത് നേരിടുന്നുണ്ടെന്നും വേടന്‍ പറഞ്ഞു. നാല് എംഎയും അഞ്ച് എംഎയുമുള്ളവര്‍ അതിനെക്കുറിച്ച് വേറെ സ്ഥലങ്ങളിലിരുന്ന് സംസാരിക്കുന്നുണ്ട്. ഞാന്‍ തെരുവിന്‍റെ മകനാണ്. അത് പാട്ടിലൂടെ ഞാന്‍ സംസാരിക്കുന്നു. ഞാന്‍ കലയൊന്നും പഠിച്ചിട്ടില്ല. ഞാന്‍ ഒരു കൂലിപ്പണിക്കാരനാണ്. പേന പിടിക്കുന്ന കയ്യല്ല ഇത്. കലയ്ക്ക് ഒരു പ്രത്യേകരൂപമോ വിശുദ്ധിയോ ഇല്ലെന്നും വേടൻ കൂട്ടിച്ചേർത്തു.