ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിന് കീഴിലുള്ള ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷന് (AWWA) ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടിയും പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമയുമായ പ്രീതി സിന്‍റ. സംഭാവന നല്‍കിയതോടൊപ്പം ചടങ്ങിൽ നിന്നുള്ള വൈകാരിക ദൃശ്യങ്ങളും കുറിപ്പും അവര്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രീതി സിന്‍റ കുറിച്ചു, ‘നമ്മുടെ രാജ്യം സുരക്ഷിതമായ കൈകളിലാണ്’.
സൈനിക കുടുംബങ്ങളെ അഭിസംബോധന ചെയ്യുന്നതും അവരുമായി സംവദിക്കുന്നതും വിഡിയോയും പ്രീതി സിന്‍റ പങ്കുവച്ചിട്ടുണ്ട്. ‘ധീരന്മാരാണ് നമ്മുടെ സൈന്യം. എന്നാല്‍ അതിനേക്കാൾ ധീരരാണ് അവരുടെ കുടുംബാംഗങ്ങള്‍. ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള വളരെ ചെറിയൊരു സംഭാവന മാത്രമാണ്’ പ്രീതി സിന്‍റ ചടങ്ങില്‍ പറഞ്ഞു.
‘ഞാൻ ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ഓഡിറ്റോറിയത്തിലേക്ക് പോകുമ്പോൾ, ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ നേടിയ സൈനിക ഉദ്യോഗസ്ഥരുടെയും ജവാൻമാരുടെയും പോസ്റ്ററുകൾ ഇടയ്ക്കിടെ കണ്ടു. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞവര്‍, യുദ്ധക്കളത്തിൽ നിന്ന് മുറിവുകളുമായി തിരിച്ചെത്തിയവര്‍. ഈ മനുഷ്യർ അവരുടെ ഭർത്താക്കന്മാരും, മക്കളും, സഹോദരങ്ങളും, പിതാക്കന്മാരുമായിരുന്നു. അവർ നമ്മുടെ സേനയുടെ ഭാഗമാണ്, അവർ നമ്മുടെ നാളേക്കായി അവരുടെ ത്യാഗം വളരെ വലുതാണ്’ പ്രീതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഓരോ ദിവസവും, ഓരോ നിമിഷവും ഇവരെ ഓർത്ത് സങ്കടപ്പെടുന്ന സ്ത്രീകളെ ഞാൻ കണ്ടു. അവരുടെ കുട്ടികളെ ഞാൻ കണ്ടു, അവരുടെ പുഞ്ചിരി കണ്ടു. അവിടെ പരാതികളോ കണ്ണുനീരോ ഉണ്ടായിരുന്നില്ല! അഭിമാനവും, ശക്തിയും, ത്യാഗവും മാത്രം. ആ ഓഡിറ്റോറിയത്തിൽ അത്രയധികം ധീരതയുണ്ടായിരുന്നു’ പ്രീതി കൂട്ടിച്ചേര്‍ത്തു.
‘അവരെ മറന്നിട്ടില്ലെന്നും അവരോട് എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവരോട് പറയണമെന്ന് ഞാൻ ആഗ്രഹിച്ചു. പരിപാടിക്ക് ശേഷം, ഞാൻ പുഞ്ചിരിച്ച മുഖത്തോടെ ഹൃദയത്തിൽ അഗാധമായ നന്ദിയോടെയാണ് മടങ്ങിയത്. വീരന്മാർ നമ്മുടെ അതിർത്തികൾ കാക്കുമ്പോൾ നമ്മുടെ രാജ്യം സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാം. എൻ്റെ ഭാഗം ഞാൻ ചെയ്തു, നമ്മുടെ പ്രതിരോധ സേനാംഗങ്ങളുടെ കുടുംബങ്ങളോട് നന്ദി പറയാൻ ഒരു വഴി കണ്ടെത്തി നിങ്ങൾ ഓരോരുത്തർക്കും നിങ്ങളുടെ ഭാഗം ചെയ്യാനാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ജയ് ഹിന്ദ്!" പ്രീതി സിന്റ പറഞ്ഞു.
'നമ്മുടെ സൈനികരുടെ ത്യാഗങ്ങള്‍ക്ക് പൂര്‍ണമായി പ്രതിഫലം നല്‍കാന്‍ ഒരിക്കലും സാധിക്കില്ലെങ്കിലും അവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവരെ മുന്നോട്ട് പോകാന്‍ സഹായിക്കാനും നമുക്ക് കഴിയും. നമ്മുടെ സൈനികരെക്കുറിച്ച് അഭിമാനമുണ്ട്. രാഷ്ട്രത്തിനും അതിന്റെ ധീരസംരക്ഷകര്‍ക്കും വേണ്ടി ഞങ്ങള്‍ ഉറച്ചു നില്‍ക്കും', പ്രീതി സിന്‍റ കൂട്ടിച്ചേര്‍ത്തു.