വരാനിരിക്കുന്ന വിജയ് ചിത്രം ജനനായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്‍യുടെ അവസാന ചിത്രമായിരിക്കും ഇതെന്ന അഭ്യൂഹങ്ങളാണ് ഇതിന് പ്രധാനകാരണം. ഇപ്പോഴിതാ വിജയ്‍യുടെ മലയാളി ആരാധകര്‍ക്കായി വീണ്ടുമൊരു സന്തോഷവാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. നടി രേവതിയും ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രേവതി വിജയ്‍യുടെ അമ്മയായിട്ടാണ് വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. 35 വര്‍ഷത്തിന് ശേഷമാണ് രേവതി വിജയ് ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1990 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി വേഷമിട്ടത് രേവതി ആയിരുന്നു. ഈ ചിത്രത്തില്‍ നായികയായി എത്തിയത് പ്രിയങ്ക ചോപ്ര ആയിരുന്നു.
എച്ച.വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. മലയാളിയായ മമിത ബൈജുവും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാലയ്യയുടെ ഭാഗവന്ത് കേസരി എന്ന ചിത്രത്തിന്‍റെ റീമേക്കായിരിക്കും ജനനായകൻ എന്നാണ് വിലയിരുത്തപ്പെടുന്നത്. അണിയറ പ്രവര്‍ത്തകര്‍ നാലര കോടിക്ക് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.