വേരുള്ള കഥാപാത്രങ്ങളെ ആഴത്തില്‍ പകര്‍ന്നാടി മറഞ്ഞ നെടുമുടി വേണുവിന് ഓര്‍ക്കുകയാണ് കലാലോകം. ഓര്‍മകളില്‍ ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍.
നിദാന്ത സൗഹൃദത്തിന്റെ തലേക്കെട്ടുമായി, ചുറ്റും നിറയെ കൂട്ടുകാരുമായി ഇരുന്ന് നമ്മുടെ പ്രിയ നടന്‍ ഈ പിറന്നാളും പാട്ടും മേളവുമായി ആഘോഷിക്കുന്നുണ്ടാവും. നമ്മള്‍ ഭൂമിയിലിരുന്ന് സ്മരണാഞ്ജലിയുടെ ജന്‍മദിനാശംസ നേരുന്നത് മനസില്‍ കാണുന്നുമുണ്ടാവും വേണുച്ചേട്ടന്‍. കാരണം മലയാളിയുടെ സിനിമാസ്വാദനത്തില്‍ നാലു പതിറ്റാണ്ടിലധികം ഭാവരസ സദ്യ വിളമ്പിയിട്ടാണ് കേശവപിള്ള വേണുഗോപാലന്‍ എന്ന നെടുമുടിവേണു വിട പറഞ്ഞത്.
1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടിയില്‍ ജനനം. നാടകങ്ങളിലൂടെ കലാപ്രവര്‍ത്തനത്തിലൂടെ സിനിമയിലേക്ക്.ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും, അധ്യാപകനായും ജോലി. അരവിന്ദനും ഭരതനും അടങ്ങിയ സൗഹൃദകൂട്ടായ്മയില്‍ കാഴ്ചവെച്ച ഭാവപ്രകടനങ്ങള്‍ തമ്പ് എന്ന ചിത്രത്തിലേക്കുള്ള ക്ഷണമായി. സെല്ലുലോയിഡിന്റെ വാതായനങ്ങള്‍ വേണുവിന് മുന്നില്‍ മലര്‍ക്കേ തുറക്കപ്പെട്ടു. ആരവം എന്ന ഭരതന്‍ ചിത്രത്തില്‍ കമലഹാസന് കണ്ട്്വെച്ച വേഷമാണ് നെടുമുടിവേണുവിലേക്ക് ഒരു നിയോഗമെന്നോണം എത്തിച്ചേര്‍ന്നത്.
തകരയിലെ ചെല്ലപ്പനാശാരിയായി ജീവിച്ച് തുടങ്ങിയ വേണു പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 1978മുതല്‍ 2021വരെ നീണ്ട കഥാപാത്ര വിസ്മയങ്ങള്‍. അപ്പുണ്ണി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ധ്വനി, പഞ്ചവടിപ്പാലം, കേളി, ധനം, ഭരതം സര്‍ഗം അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയോ നല്ല വേഷങ്ങള്‍
സെറ്റിലെത്തിയാല്‍ ഒരു തിടുക്കവും കൂട്ടാതെ തന്റെ വേഷം ചെയ്ത് തീര്‍ക്കും. വീടിനടുത്താണ് ഷൂട്ടിങ്ങെങ്കില്‍ വിട്ടില്‍നിന്നുണ്ടാക്കിക്കൊണ്ടുവരുന്ന ഭക്ഷണം എല്ലാവര്‍ക്കും കൊടുക്കും. പുതിയതായി വരുന്നവരോടെല്ലാം സിനിമാ മേഖലയെപ്പറ്റി ഏറ്റവും നന്നായി പറഞ്ഞ് മനസിലാക്കിക്കൊടുക്കും. വേണു എന്ന സിനിമാക്കാരന് ഇങ്ങനെയും ഒരു സൗമ്യമുഖമുണ്ട്.
കാവാലത്തിനോടൊപ്പം ചേര്‍ന്ന നാടക അരങ്ങുകള്‍, കൊട്ടും പാട്ടുമായി നടന്ന തികഞ്ഞ കലാകാരന്‍, ഭരതനും, സത്യന്‍ അന്തിക്കാടുമൊക്കെ മിനുക്കിയെടുത്ത അഭിനയപ്രതിഭ. ഇനിയില്ല ആ കലാകാരന്‍ എന്നത് മലായാളി ഇന്നും ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. അച്ഛനായും അമ്മാവനായും കാര്യസ്ഥനായും മാഷായും ഒക്കെ ഇന്നും മലയാളിക്ക് ഏറ്റവും നന്നായി മനസിലാവുന്ന ഭാവം അദ്ദേഹത്തിന്റെതാണ് . അഭിനയകുലപതിയായ ശിവാജി ഗണേശന്‍ ഒരിക്കല്‍ പറഞ്ഞു, നീ കൊടുമുടി വേണുവാണ്. ഞാന്‍ നിന്റെ ഫാന്‍.ആ പ്രതിഭാവേണുവിന് ആശംസകള്‍.