മോഹൻലാലിന്റെ പിറന്നാൾ ചിത്രങ്ങൾ കാണാൻ കാത്തിരുന്ന ആരാധകർക്കായി ആഘോഷനിമിഷങ്ങൾ പങ്കുവച്ച് മകൾ വിസ്മയ. തായ്‌ലൻഡിലായിരുന്നു ഇത്തവണ ജൻമദിനാഘോഷം. ഭാര്യ സുചിത്രയും മകൻ പ്രണവും മകൾ വിസ്മയയും ഒന്നിച്ച് കേക്ക് മുറിക്കുന്ന ചിത്രമാണ് വിസ്മയ പങ്കുവച്ചിരിക്കുന്നത്.
ഒരു ഫാമിലി സെൽഫിയും ഒപ്പമുണ്ട്. കുടുംബത്തോടൊപ്പം അവധി ആഘോഷത്തിനായാണ് മോഹൻലാൽ തായ്‍ലൻഡിലെത്തിയത്. ഉറ്റസുഹൃത്തും വ്യവസായിയുമായ സമീർ ഹംസയും ഒപ്പമുണ്ട്. ഇന്നലെയായിരുന്നു മലയാളത്തിന്റെ പ്രിയതാരത്തിന്റെ 65ാം ജൻമദിനം. ലോകമെങ്ങുമുള്ള ലാലേട്ടൻ ഫാൻസ് ഇന്നലെ മുതൽ പിറന്നാൾ ആഘോഷത്തിന്റെ വിവരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.
ഷെഫ് പിള്ള അടക്കമുള്ള സുഹൃത്തുക്കൾ വീഡിയോ കോളിലൂടെ ആശംസകൾ അറിയിക്കുന്ന ചിത്രങ്ങളൊക്കെ പുറത്തു വന്നെങ്കിലും എവിടെയാണ് ആഘോഷം എന്നത് വ്യക്തമായിരുന്നില്ല. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവം പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ വെക്കേഷനായി യാത്ര തിരിച്ചത്. തിരികെ എത്തിയാലുടൻ മഹേഷ് നാരായണൻ ചിത്രത്തിന്റെ ജോലികളിലേക്കു കടക്കും.