TOPSHOT - Indian actress Aishwarya Rai Bachchan arrives for the screening of the film "The History of Sound" at the 78th edition of the Cannes Film Festival in Cannes, southern France, on May 21, 2025. (Photo by Bertrand GUAY / AFP)

TOPICS COVERED

കാന്‍ ചലച്ചിത്രമേളയില്‍ എല്ലാവര്‍ഷവും എല്ലാവരും കാത്തിരിക്കുന്ന എന്‍ട്രിയാണ് ഐശ്വര്യ റായിയുടേത്. ഇത്തവണയും ഐശ്വര്യ പതിവു തെറ്റിച്ചില്ല, മുന്‍വര്‍ഷങ്ങളിലെ ലുക്കില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഇന്ത്യന്‍ കുടുംബിനിയുടെ രൂപഭാവങ്ങളില്‍ മുന്‍ ലോകസുന്ദരി കാമറകളെ ഞെട്ടിച്ചു. പക്ഷേ ഫോക്കസ് പോയന്റ് വേഷമായിരുന്നില്ല. ഐശ്വര്യ നെറ്റിയിലണിഞ്ഞ സിന്ദൂരമാണ്. ഐവറി നിറത്തിലുള്ള മനോഹരമായ സാരിയേക്കാളും റൂബി ഡയമണ്ട് മാലയേക്കാളും ശ്രദ്ധാകേന്ദ്രമായത് നെറുകയിലെ സിന്ദൂരമാണ്.

Aishwarya Rai poses on the red carpet during arrivals for the screening of the film "The History of Sound" in competition at the 78th Cannes Film Festival in Cannes, France, May 21, 2025. REUTERS/Stephane Mahe

 കഥ അറിയുന്നവര്‍ക്ക് എല്ലാമറിയാം. കഴിഞ്ഞ ഒരു വര്‍ഷമായി ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും തമ്മില്‍ വേര്‍പിരിയുന്നുവെന്ന ഊഹാപോഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ഏതെങ്കിലും ചടങ്ങില്‍ ഐശ്വര്യയ്ക്കൊപ്പം അഭിഷേക് വരാതിരുന്നിട്ടുണ്ടോ, വന്നാല്‍ തന്നെ മുഖത്തു സന്തോഷമുണ്ടോ, കൈകള്‍ കോര്‍ത്തുപിടിക്കുന്നില്ലേ എന്നുറ്റു നോക്കി ഗോസിപ്പുകളുടെ പെരുമഴയായിരുന്നു. അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യ മകള്‍ക്കൊപ്പവും അഭിഷേക് പിതാവിനും കുടുംബത്തിനൊപ്പവും വെവ്വേറെ വന്നതോടെ ഗോസിപ്പുകാര്‍ക്ക് ചാകരയുമായി. പിന്നീട് പല ചടങ്ങുകളിലും ഐശ്വര്യയും അഭിഷേകും ഒന്നിച്ചു വന്നിട്ടും വേര്‍പിരിയല്‍ തിയറിക്കാര്‍ പിന്‍വാങ്ങിയില്ല. അവര്‍ക്കു മുന്നിലേക്കാണ് ഇത്തവണ കാന്‍ ലോകവേദിയില്‍ തന്നെ നെറുകയില്‍ നീളത്തില്‍ സിന്ദൂരമണിഞ്ഞ് ഐശ്വര്യയുടെ ഓപറേഷന്‍ സിന്ദൂര്‍.

2002 മുതല്‍ കാന്‍ ചലച്ചിത്രമേളയുടെ മുഖമാണ് ഐശ്വര്യറായി. രണ്ടരപതിറ്റാണ്ടായി കാന്‍ റെഡ് കാര്‍പറ്റിലെ മുഖ്യ ആകര്‍ഷണമായ ഐശ്വര്യ ഈ വര്‍ഷങ്ങളിലത്രയും സമകാലിക ഫാഷനില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.

മുന്‍പും കാനില്‍ സാരിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഈ വര്‍ഷങ്ങളിലൊക്കെ വെസ്റ്റേണ്‍ ഡിസൈനുകള്‍ക്ക് പ്രാമുഖ്യം നല്‍കിയ ഐശ്വര്യ ഇത്തവണ തീര്‍ത്തും ഭാരതീയ വനിതയായാണ് കാര്‍പറ്റിലെത്തിയത്.

 ഐവറി നിറത്തിലുള്ള കഡ്‍വ ബനാറസി സാരി പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് രൂപകല്‍പന ചെയ്തത്. മികച്ച നെയ്ത്തുകാര്‍ കൈ കൊണ്ട് നെയ്തെടുത്ത സാരിയില്‍ ഐവറി, റോസ് ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളുടെ സൂക്ഷ്മമായ മിശ്രണമാണ് ചെയ്തിരിക്കുന്നത്. വാരാണസിയിലെ പേരുകേട്ട പാരമ്പര്യ നെയ്ത്താണ് കഡ്‍വ ബനാറസി. സാരിക്കൊപ്പം കൈത്തറിയില്‍ തന്നെ നെയ്തെടുത്ത നേര്‍ത്ത ദുപ്പട്ടയും ഐശ്വര്യയുടെ ലുക്കിന് മാറ്റു കൂട്ടി. 500 കാരറ്റ് മൊസാംബിക് റൂബി മാലയാണ് ആഭരണങ്ങളില്‍ തിളങ്ങിയത്. ലോകവേദിയില്‍ ഇന്ത്യന്‍ വസ്ത്രപാരമ്പര്യവും തലയുയര്‍ത്തി നില്‍ക്കുമെന്ന സ്റ്റേറ്റ്മെന്റാണ് ഐശ്വര്യയുടെ കംപ്ലീറ്റ് ലുക്കെന്ന് മനീഷ് മല്‍ഹോത്രയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ENGLISH SUMMARY:

Aishwarya Rai Bachchan's Cannes 2025 appearance sparked buzz, not just for her unique look but for the sindoor she wore—prompting many to wonder if it was a silent reply to gossip mills.