ശ്രീനാഥ് ഭാസി ചിത്രം ആസാദിക്ക് മികച്ച പ്രിവ്യൂ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പ്രീമിയർ ഷോയ്ക്ക് നിരവധി ആളുകളാണ് പങ്കെടുത്തത്. ആദ്യാവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് സിനിമയുടെ സഞ്ചാരമെന്ന് പ്രിവ്യൂ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. സിനിമ മികച്ച അനുഭവം ആയിരുന്നെന്നും തുടക്കക്കാരായ അണിയറപ്രവർത്തകരുടെ അധ്വാനം സ്‌ക്രീനിൽ പ്രകടമാണെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു.
പ്രേക്ഷകർ ഈ സിനിമ കാണാതെ പോകരുതെന്ന് പ്രിവ്യൂ ഷോയ്ക്കെത്തിയ ശ്രീനാഥ് ഭാസിയും പറഞ്ഞു. ഭാസിയില് നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് എല്ലാവരും പറയുന്നതെന്നും അത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഭാസി ഷോ കാണാനെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെ അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്.
മെയ് 23നാണ് ചിത്രം തിയറ്ററുകളിലെത്തുക. നവാഗതനായ ജോ ജോർജാണ് സംവിധായക൯. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.