മലയാളത്തിന്‍റെ മോഹന്‍ലാലിന് ഇന്ന് 65–ാം പിറന്നാള്‍. മലയാളമൊന്നാകെ കൊണ്ടാടുകയാണ് അഭിനയ വിസ്മയത്തിന്‍റെ ജന്മദിനം. സിനിമ, സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖരും ആരാധകരുമെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
എന്നിരുന്നാലും മോഹന്‍ലാലിന്‍റെ പിറന്നാളിന്‍റെ മമ്മൂട്ടിയുടെ ആശംസയാണ് ഏവരും കാത്തിരിക്കുന്നത്. മമ്മൂക്ക പങ്കുവക്കുന്ന ഹൃദ്യമായ ചിത്രത്തിനോ വാക്കുകള്‍ക്കോ വേണ്ടി ആരാധകരൊന്നാകെ കാത്തിരിക്കും. ഇത്തവണയും പതിവ് തെറ്റിക്കാതെ 'പ്രിയപ്പെട്ട ലാലിന്' ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് 'ഇച്ചാക്ക'. ഒരു പൊതുചടങ്ങില്‍ സോഫയില്‍ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. മലയാളത്തെ താങ്ങിനിര്‍ത്തുന്ന രണ്ട് തൂണുകളുടെ പ്രൗഢി ചിത്രത്തില്‍ വ്യക്തം. 'പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍,' മമ്മൂട്ടി കുറിച്ചു.
'ആരുടെയൊക്കെ ആശംസകൾ കിട്ടിയാലും മമ്മൂക്കയുടെ പിറന്നാൾ ആശംസകൾ കിട്ടിയാൽ മാത്രമേ ലാലേട്ടന്റെ ജന്മദിന ആഘോഷം പൂർണ്ണമാകൂ', 'ഏറ്റവും വിലകൂടിയ ബെര്‍ത്ത്ഡേ വിഷ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍.
ഇതിനിടക്ക് ബാബുരാജ് പങ്കുവച്ച വിഡിയോയും ശ്രദ്ധ നേടി. ഒരു മീറ്റിങ്ങിനിടക്ക് കൈകൊട്ടിയതിന് ശേഷം മോഹന്‍ലാലിന്‍റെ പുറത്തുതട്ടുന്ന മമ്മൂട്ടിയുടെ വിഡിയോ ആണ് ബാബുരാജ് പങ്കുവച്ചത്. 'പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ, ഫാന്‍ബോയ് ബാബുരാജ്' എന്നാണ് വിഡിയോക്കൊപ്പം ബാബു രാജ് കുറിച്ചത്.
തുടരുമാണ് ഒടുവില്‍ പുറത്തുവന്ന മോഹന്‍ലാല്‍ ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ വന്‍വിജയം പിറന്നാളിന് മോഹന്‍ലാലിന് ഇരട്ടിമധുരമായി. ആഗോളതലത്തില്‍ ഇതിനകം ചിത്രം 200 കോടി ക്ലബിലെത്തുകയും കേരളത്തില്‍ മാത്രം 100 കോടി ക്ലബിലെത്തുകയും ചെയ്‍തിട്ടുണ്ട്.