രവി മോഹനും മുന്‍ഭാര്യ ആരതിയും തമ്മിലുള്ള വിവാഹ മോചനവും ആരോപണങ്ങളുമാണ് ഇപ്പോള്‍ തമിഴ് സിനിമ ലോകത്തെ മുഖ്യചര്‍ച്ച. ഗായിക കെനിഷ ഫ്രാന്‍സിസുമൊത്ത് ഒരുമിച്ച് ഒരു വേദിയിലെത്തിയതി് പിന്നാലെ വീണ്ടും ആരതി രവി മോഹനെതിരെ രംഗത്തെത്തിയിരുന്നു. ഒരു പിതാവെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും രവി മോഹന്‍ ഒഴിഞ്ഞു മാറുകയാണെന്ന് ആരതി പറഞ്ഞിരുന്നു. ആരതിക്ക് മറുപടിയുമായി ഇപ്പോള്‍ രവി മോഹനും രംഗത്തെത്തിയിരിക്കുകയാണ്.
വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും വൈകാരികമായും സാമ്പത്തികമായും ദ്രോഹിക്കപ്പെട്ടുവെന്നും മാതാപിതാക്കളെ പോലും കാണാന്‍ കഴിയാതെ കൂട്ടിലടച്ചതുപോലെ ഒറ്റപ്പെട്ടുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നീണ്ട കുറിപ്പില്‍ രവി മോഹന്‍ പറഞ്ഞു. വിവാഹബന്ധം നിലനിര്‍ത്താന്‍ ആത്മാര്‍ഥമായി ശ്രമിച്ചു. ഒടുവില്‍ ജീവിക്കാന്‍ കഴിയാത്ത ഒരു ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കരുത്ത് നേടി. ഇറങ്ങിപ്പോകാനുള്ള തീരുമാനം വളരെ ലളിതമായി എടുത്തതല്ലെന്നും ഹൃദയഭാരത്തോടെയാണ് ഇതെഴുതുന്നതെന്നും രവി പറഞ്ഞു.
'എന്റെ കുടുംബം, അടുത്ത സുഹൃത്തുക്കള്‍, എന്റെ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുന്ന പ്രിയപ്പെട്ട ആരാധകര്‍ എന്നിവരോട് ഞാന്‍ നേരത്തേ തന്നെ വിവാഹമോചന ഹര്‍ജി ഫയര്‍ ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞതാണ്. എന്നില്‍ നിന്ന് അകന്നുപോയ 'മുന്‍ ഭാര്യ' ഉള്‍പ്പെടെ എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കണമെന്നുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ആ തീരുമാനമെടുത്തത്. ഒപ്പം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ആളുകളോട് ഞാന്‍ ആവശ്യപ്പെട്ടു.' മോഹന്‍ പറഞ്ഞു.
'എന്നാല്‍ എന്റെ നിശബ്ദത കുറ്റബോധമായി തെറ്റിദ്ധരിക്കപ്പെട്ടു. അടുത്തിടെ ചില പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ എന്റെ സ്വഭാവത്തെ മാത്രമല്ല, ഒരു പിതാവ് എന്ന നിലയിലുള്ള എന്റെ പങ്കിനെ പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാജമായ ആരോപണങ്ങള്‍ പ്രചരിക്കുന്നതായി ഞാന്‍ കണ്ടു. വ്യക്തമായി പറയട്ടെ, എനിക്കെതിരായ ഈ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു.
വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ച നിമിഷം തന്റെ ഹൃദയത്തില്‍ ഉരുത്തിരിഞ്ഞതാണ് 'മുന്‍ഭാര്യ' എന്ന വാക്ക്. അത് അവസാന ശ്വാസം വരെ അങ്ങനെ തന്നെ തുടരും. ഞങ്ങള്‍ വേര്‍പിരിഞ്ഞതിനുശേഷം പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനും സാമ്പത്തികനേട്ടത്തിനുമായി പൊതുസമൂഹത്തിന് മുന്നില്‍ എന്റെ മക്കളെ ഉപകരണമാക്കിയതാണ് എന്നെ തകര്‍ത്തുകളഞ്ഞത്. ഞങ്ങള്‍ വേര്‍പിരിഞ്ഞതിനുശേഷം ഞാന്‍ അവരില്‍ നിന്ന് മനഃപൂര്‍വം മാറിനിന്നു. കഴിഞ്ഞ ക്രിസ്മസിന് കോടതി മുഖേന നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മക്കളുമായുള്ള എല്ലാ ആശയവിനിമയവും ക്രമേണ മുറിക്കപ്പെട്ടു.
എന്റെ മക്കളെ ഞാന്‍ കാണുകയോ അവരുടെ അടുത്തേക്ക് ഞാന്‍ പോകുകയോ ചെയ്യുന്നത് തടയാനായി ഇപ്പോള്‍ എല്ലായിടത്തും അവര്‍ക്കൊപ്പം ബൗണ്‍സര്‍മാര്‍ ഒപ്പം പോകുന്നു. എന്നിട്ടാണ് ഒരു പിതാവെന്ന നിലയിലുള്ള എന്റെ പങ്ക് നിങ്ങള്‍ ചോദ്യം ചെയ്യുന്നത്? എന്റെ മക്കള്‍ ഒരു കാറപകടത്തില്‍ പെട്ടുവെന്ന വിവരം ഒരു മാസത്തിനുശേഷം മറ്റൊരാള്‍ വഴിയാണ് ഞാനറിഞ്ഞത്. അതും ഒരു പിതാവെന്ന നിലയിലല്ല, കാര്‍ നന്നാക്കാനുള്ള ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടിയുള്ള ഒപ്പ് ആവശ്യമായതിനാല്‍ മാത്രം. അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇപ്പോഴും എനിക്ക് അനുവാദമില്ല. ഒരു പിതാവും ഇത് അര്‍ഹിക്കുന്നില്ല. മുന്‍ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ മാത്രമാണ് ഞാന്‍ തീരുമാനിച്ചത്. എന്റെ മക്കളെ പിരിയാനല്ല. എന്റെ മക്കള്‍ എക്കാലത്തും എന്റെ അഭിമാനവും സന്തോഷവുമാണ്. അവര്‍ രണ്ടുപേര്‍ക്കുമായി എല്ലാ കാര്യങ്ങളും മികച്ചതായി തന്നെ ഞാന്‍ ചെയ്യും,' രവി മോഹന്‍ വൈകാരികമായി പറഞ്ഞു.
പ്രശ്നപരിഹാരമുണ്ടാകേണ്ടത് കോടതിമുറിയിലാണ് അല്ലാതെ സോഷ്യൽ മീഡിയയിലല്ല. കഴിഞ്ഞ 16 വർഷം അനുഭവിച്ച ജീവിതമാണിത്. എനിക്ക് ആത്മവിശ്വാസമുണ്ട്. ഫീനിക്സ് പക്ഷിയെ പോലെ ഞാൻ ഉയർന്നുവരും. ഒരു കാര്യം വ്യക്തമായി പറയട്ടെ, നിങ്ങളുടെ ഈ കളികൾ ഇപ്പോൾ നിർത്തണം. എന്റെ കുട്ടികളെ ഇനി ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അവർക്ക് ഞാൻ നല്ലൊരു പിതാവായിരിക്കും. ഇനിയുള്ള എല്ലാ നടപടികൾക്കുമായി നിങ്ങളെ ഞാൻ കോടതിയിൽ മാത്രമേ കാണൂ.
കെനിഷ ഫ്രാന്‍സിസിനെ കുറിച്ചും രവി മോഹന്‍ കുറിപ്പില്‍ പറഞ്ഞു. 'മുങ്ങിമരിക്കാന്‍ പോയ ഒരാളെ രക്ഷിച്ച സുഹൃത്തായിരുന്നു ആദ്യം കെനീഷ. കണ്ണുനീരും രക്തവും എന്നെ തകര്‍ത്തുകളഞ്ഞ ജീവിതത്തില്‍ നിന്ന് ഇറങ്ങിവരാനുള്ള ധൈര്യവുമല്ലാതെ മറ്റൊന്നും എനിക്ക് ഇല്ലാതിരുന്ന സമയത്ത് വളരെ വേഗം അവര്‍ എനിക്ക് പിന്തുണയേകുന്ന 'ലൈഫ്‌ലൈനാ'യി. എന്റെ രേഖകളും കാറും എന്റെ അന്തസുമടക്കം എല്ലാം നഷ്ടപ്പെട്ട് എന്റെ വീട്ടില്‍ നിന്ന് നഗ്നപാദനായി ഞാന്‍ ഇറങ്ങിയ രാത്രി കെനിഷ എനിക്കൊപ്പം നിന്നു. പ്രകാശം പരത്തുന്നവളാണ് അവള്‍ എന്ന് ഞാന്‍ നിങ്ങളോട് ഉറപ്പിച്ച് പറയുന്നു. നിയമപരമായും വൈകാരികമായും സാമ്പത്തികമായുമുള്ള എന്റെ എല്ലാ പോരാട്ടങ്ങളും അവള്‍ കണ്ടു. എനിക്കൊപ്പം നിന്നു. പ്രശസ്തിക്ക് വേണ്ടിയോ ശ്രദ്ധ പിടിച്ചുപറ്റാനോ അല്ല. തികഞ്ഞ സഹാനുഭൂതി കൊണ്ടാണ്. ഞാന്‍ സന്തോഷം അര്‍ഹിക്കുന്നവനാണെന്ന് അവളെന്നോട് പറഞ്ഞു,' രവി മോഹന്‍ പറഞ്ഞു. ഈ വിഷയത്തിലെ തന്റെ അവസാനത്തെ പ്രസ്താവനയാണ് ഇതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് രവി കുറിപ്പ് അവസാനിപ്പിച്ചത്.