TOPICS COVERED

കേരളത്തിലെ ബസുകളുടെ മല്‍സരയോട്ടത്തില്‍ രൂക്ഷവിമര്‍ശനവുമായി  സുരേഷ് ഗോപിയുടെ മകനും നടനുമായ  മാധവ് സുരേഷ്. സഹോദരന്‍ ഗോകുല്‍ സുരേഷിനൊപ്പം കാറില്‍ സഞ്ചരിക്കവേ  ഉണ്ടായ അപകടം മാധവ് പങ്കുവച്ചു. മല്‍സരിച്ചോടിയെത്തിയ ബസുകളാണ്  അപകടമുണ്ടാക്കിയത്.  ഇനിയും ഇത്തരം അനുഭവം ഉണ്ടായാല്‍ കുറ്റവാളികളുടെ താടിയെല്ല് തകര്‍ക്കാനുള്ള അനുവാദം തരണമെന്നും മാധവ് ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസും മല്‍സരിച്ചോടുന്ന വിഡിയോ പങ്കുവച്ചാണ് ഗോകുലിന്‍റെ രോഷപ്രകടനം. 

"കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം.

കൊച്ചി കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്‍റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടമായേനെ. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ വച്ച് അപകത്തില്‍പ്പെട്ടു . അർദ്ധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാര്‍ ഒട്ടും സ്ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്.

കെ‌എസ്‌ആർ‌ടി‌സി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്, ഇതാണ് എന്‍റെ നിർദേശം. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരനുഭവം വീണ്ടും ഉണ്ടായാൽ ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ്." മാധവ് സുരേഷ് കുറിച്ചു. 

ENGLISH SUMMARY:

Madhav Suresh, actor and son of Suresh Gopi, has strongly criticized the reckless race-like driving of buses in Kerala. He shared an incident on Instagram where he and his brother, actor Gokul Suresh, narrowly escaped an accident caused by speeding buses. Madhav warned that if such incidents continue, permission should be granted to break the culprits’ jawbones.