പ്രിന്‍സ് ആന്‍ഡ് ഫാമിലി സക്സസ് സെിബ്രേഷന്‍ വേദിയില്‍ സെറ്റിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ദിലീപും സിദ്ദിഖും പുതിയ കോമഡികളൊക്കെ ചര്‍ച്ച ചെയ്യുമെന്നും തിരക്കഥാകൃത്ത് ഷാരിസ് അത് വേണ്ടെന്ന് പറയുകയും ചെയ്യുമെന്നും ധ്യാന്‍ പറഞ്ഞു. കാലം മാറിയെന്നും പഴയ സാധനമൊന്നും ഇപ്പോള്‍ വേണ്ടെന്നും ധ്യാന്‍ പറഞ്ഞു.
'സെറ്റില്‍ സിദ്ദിക്കയും ദിലീപേട്ടനും കൂടി ചര്‍ച്ചയാണ്. പഴയ കാലഘട്ടത്തിലെ ആള്‍ക്കാരാണേ, എനിക്ക് ഇവരുടെ കോമഡി മനസിലാവുന്നില്ല, ഇവര്‍ രണ്ട് പേരും മാറിമാറി ചിരിക്കുന്നുമുണ്ട്. അപ്പോള്‍ ഷാരിസ് വന്നിട്ട് പറയും, ദിലീപേട്ടാ അത് വേണ്ടാട്ടോ, അപ്പോള്‍ ദീലിപേട്ടന്‍, ഇവനെന്താ ഈ കോമഡി മനസിലാവാത്തേ, കാലം മാറി, പഴയ സാധനമൊന്നും ഇപ്പോള്‍ വേണ്ട, സീരിയസായി എടിക്കല്ലേ തമാശയാ,' ധ്യാന്‍ പറഞ്ഞു.
ഇതിനുശേഷം നടന്ന പ്രസ് മീറ്റില്‍ സിദ്ദിഖ് ധ്യാനിന് മറുപടി നല്‍കുകയും ചെയ്തു. ഒരു സീന്‍ കിട്ടിക്കഴിഞ്ഞാല്‍ പരമാവധി ഇംപ്രൊവൈസ് ചെയ്യാന്‍ ശ്രമിക്കുമെന്ന് സിദ്ദിഖ് പറഞ്ഞു. അതുകൊണ്ടാണി പത്ത് നാല്‍പത് കൊല്ലമായിട്ട് ഇവിടെ നില്‍ക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
'ഞാനും ദിലീപും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമല്ല, ഞങ്ങള്‍ മറ്റ് സഹതാരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോഴും ഒരു സീന്‍ കിട്ടിക്കഴിഞ്ഞാല്‍ പരമാവധി ഇംപ്രൊവൈസ് ചെയ്യാന്‍ ശ്രമിക്കും. അത് ഹ്യൂമര്‍ മാത്രമല്ല, പല കാര്യങ്ങളും നമ്മള്‍ അങ്ങനെ ചെയ്യാറുണ്ട്. ഷാരിസിനോടും ബിന്‍റോയോടും ചോദിച്ചാല്‍ അറിയാം. അത് ദിലീപും ഞാനുമൊക്കെ സ്ഥിരം ചെയ്യുന്നതാണ്. ഷാരിസും ബിന്‍റോയും വന്നിട്ട് അത് വേണ്ട എന്ന് പറഞ്ഞത് ഇവന്‍ എപ്പോള്‍ കേട്ടു എന്നതാണ് എനിക്ക് മനസിലാവാത്തത്. അത് വേണ്ട എന്ന് പറഞ്ഞിട്ടില്ല അവര്‍.
ഒരു കഥാപാത്രത്തിന്‍റെ ചട്ടക്കൂട് മാത്രമാണ് അവര്‍ നമുക്ക് തരുന്നത്. അതിന് മജ്ജയും മാസവും ഒക്കെ വച്ചുപിടിപ്പിച്ച് അതിനൊരു സ്വഭാവം കൊണ്ടുവരേണ്ടത് നമ്മളാണ്. എനിക്കൊരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്. അതിന്‍റെ സംവിധായകനും തിരക്കഥാകൃത്തിനും എത്രയോ ആളുകളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എനിക്ക് എന്‍റെ കാര്യം മാത്രം നോക്കിയാല്‍ മതി. കിട്ടുന്നതില്‍ തൃപ്തനാവാതെ അതിനെ കൂടുതല്‍ കൂടുതല്‍ നന്നാക്കാനുള്ള ശ്രമം ഒരുപാട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണെടാ പത്ത് നാല്‍പത് കൊല്ലമായിട്ട് ഇവിടെ നില്‍ക്കുന്നത്, ധ്യാനെ", സിദ്ദിഖ് മറുപടി പറഞ്ഞു.