TOPICS COVERED

താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് നടിയും അവതാരകയുമായ ആര്യ. ഡി.ജെ.സിബിന്‍ ബെഞ്ചമിനാണ് വരന്‍. അവ്യക്തമായ ചിത്രവും ഒപ്പം നീണ്ട കുറിപ്പും പങ്കുവച്ചാണ് ജീവിതത്തില്‍ ഇനി സംഭവിക്കാന്‍ പോകുന്ന മംഗളകാര്യം ആര്യ പങ്കുവച്ചത്. 

"ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എൻ്റെ ഇതുവരെയുള്ള ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിലുള്ള തീരുമാനവും കൊണ്ട് ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്.. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണിതെന്ന് നിസ്സംശയം പറയാം. ഇത്രയും കാലം എല്ലാ സമയത്തും ഞങ്ങൾ ഒന്നിച്ച് ഉണ്ടായിരുന്നു. നല്ലകാലത്തും മോശം കാലത്തും. എന്നാൽ ജീവിതകാലം മുഴുവൻ നമ്മൾ ഒന്നിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

എനിക്ക് ഏറ്റവും വലിയ പിന്തുണയായതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും സമാധാനത്തോടെ എനിക്ക് ചാരിയിരിക്കാനുള്ള തോളായതിനും നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി. എന്റെയും ഖുഷിയുടേയും ഏറ്റവും നല്ല സുഹൃത്തായതിനും ഞങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദി. 

ഒടുവിൽ ഞാൻ പൂർണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളിൽ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോൾ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. എന്റെ കുറവുകളും പൂർണതയും മനസിലാക്കി നിങ്ങളുടേതാക്കിയതിന് നന്ദി. എന്തൊക്കെ വന്നാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും. അതെന്റെ ഉറപ്പാണ്", ആര്യ കുറിച്ചു. 

ജീവിതത്തിൽ പലതവണ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും എന്നാല്‍ കൊടുംങ്കാറ്റിലും തനിക്കൊപ്പം നിന്നത് ആര്യയാണെന്നും സിബിന്‍ കുറിച്ചു. 'യഥാർത്ഥത്തിലുള്ള എന്നെ അവൾ കണ്ടു, എന്റെ എല്ലാ പോരായ്മകളും സ്വീകരിച്ചു, അവളോടൊപ്പം എപ്പോഴും സുരക്ഷിതത്വവും എന്‍റെ സ്വത്വവും അനുഭവപ്പെട്ടു. അതിനാലാണ് ഞാൻ ജീവിതത്തിൽ എറ്റവും എളുപ്പത്തിൽ എടുത്ത തീരുമാനമെടുത്തത് — അവളുടെ കൂടെയാകാൻ, അവളെ സ്നേഹിക്കാൻ, സംരക്ഷിക്കാൻ, ചേർന്ന് വളരാൻ,' സിബിന്‍ കുറിച്ചു. എന്തായാലും ഇരുവരുടേയും തീരുമാനം അറിഞ്ഞ് ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി. 

ENGLISH SUMMARY:

Actress and anchor Arya has announced that she is getting married. Her fiancé is DJ Sibin Benjamin. Arya shared the happy news through a heartfelt note along with a blurred picture, revealing the auspicious turn her life is about to take.