ജയിലര്‍ 2 ന്‍റെ ഷൂട്ടിനായി കോഴിക്കോടെത്തിയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. ഫറോക്ക് ചെറുവണ്ണൂര്‍ ബിസി റോഡിലെ ലൊക്കേഷനില്‍ എത്തിയാണ് രജനീകാന്തിനെ മന്ത്രി സന്ദര്‍ശിച്ചത്. മന്ത്രി തന്നെയാണ് ഇന്‍റഗ്രാമില്‍ സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. "നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി" എന്ന വരികളോടെയാണ് മന്ത്രി റിയാസ് ഫോട്ടോ പങ്കുവച്ചത്.
ഇന്നലെയാണ് ജയിലര്‍ രണ്ടിന്‍റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചത്. 20 –ാം തിയതി വരെ രജനികാന്ത് കോഴിക്കോട് ഉണ്ടാവും. ബിസി റോഡിലെ സുദര്‍ശനന്‍ ബംഗ്ലാവും പഴയ ഓട്ടുകമ്പനിയുമാണ് മുഖ്യലൊക്കേഷന്‍. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നടന്മാര്‍ രണ്ടുദിവസമായി കോഴിക്കോട് ഉണ്ട്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറിന്‍റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലും തെലുങ്കു സൂപ്പര്‍താരം ബാലകൃഷ്ണയും അടക്കമുള്ളവര്‍ അണിനിരക്കുമെന്നാണ് സൂചന.