'എഎംഎംഎ' എന്നത് ഒരു തെറിയല്ലെന്ന് ഹരീഷ് പേരടി. കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്ന് പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷോ പിണറായി വിജയനോ ദേഷ്യപ്പെടാറില്ലെന്നും ഹരീഷ് പേരടി പറഞ്ഞു. തന്‍റെ പുതിയ സിനിമയായ 'ജോറാ കയ്യെ തട്ടുങ്കെ'യുടെ ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകളോട് സംസാരിക്കവേയാണ് ഹരീഷ് പേരടിയുടെ പരാമര്‍ശം. സംസാരിക്കുന്നതിനിടയ്ക്ക് സംഘനയുടെ പേര് എന്തുകൊണ്ടാണ് 'എഎംഎംഎ' എന്ന് പറഞ്ഞതെന്നായിരുന്നു ചോദ്യം.
'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയെ 'സിപിഐഎം' എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല. പിണറായി സഖാവും ആരോടും ദേഷ്യപ്പെടില്ല. എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കല്ല. സംഘടനയുടെ പേരാണത്. അത് കൂട്ടിവിളിക്കേണ്ടവര്‍ക്ക് വിളിക്കാം. കൂട്ടാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല,'ഹരീഷ് പേരടി പറഞ്ഞു.
സംഘടനയോട് വിയോജിപ്പ് ഉള്ളവരാണല്ലോ അങ്ങനെ വിളിക്കാറുള്ളത് എന്ന ചോദ്യത്തിന് വിയോജിപ്പുള്ളതുകൊണ്ടാണല്ലോ താന്‍ അതില്‍നിന്ന് ഇറങ്ങിപ്പോന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.