TOPICS COVERED

സിനിമയില്‍ സജീവമായാല്‍ തിരക്ക് മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നവരാണ് അഭിനേതാക്കളില്‍ കൂടുതലും. എന്നാല്‍ സിനിമയ്ക്കൊപ്പം നിയമത്തില്‍ ബിരുദാനന്തര ബിരുദ പഠനവും പൂര്‍ത്തിയാക്കി, സിനിമയും നിയമവും ബന്ധിക്കുന്ന സിനിമയിലെ പകര്‍പ്പവകാശ നിയമത്തില്‍ ഡോക്ററേറ്റും നേടിയിരിക്കുകയാണ് നടിയും അധ്യാപികയുമായ മുത്തുമണി. സംവിധായകന്‍, നിര്‍മാതാവ്, സ്ക്രിപ്റ്റ് റൈറ്റര്‍ എന്നിവരുടെ പകര്‍പ്പവകാശ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തന്നെ പിഎച്ച് ഡി ചെയ്ത ചുരുക്കം ചിലരിലൊരാളാണ് മുത്തുമണി. ചരിത്രപരമായ നേട്ടത്തെ കുറിച്ചും ഇത് സിനിമയ്ക്ക് എങ്ങനെ ഗുണകരമാകുമെന്നും പറയുകയാണ് മുത്തുമണി  . 

പകര്‍പ്പവകാശനിയമത്തില്‍ പിഎച്ച്ഡിയിലേക്കുളള യാത്ര 

ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു വിവാഹം . അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടിയെ പഠനം പൂര്‍ത്തിയാക്കും മുന്‍പ് വിവാഹം കഴിപ്പിക്കണോയെന്ന് അന്ന് പലരും ചോദിച്ചു. വിവാഹത്തോട് പൂര്‍ണയോജിപ്പായിരുന്നെങ്കിലും പഠനം ഉഴപ്പിപ്പോകുമോയെന്ന ആശങ്ക വീട്ടുകാര്‍ക്കുണ്ടായിരുന്നു. ആശങ്ക പങ്കുവച്ച അച്ഛന് അരുണ്‍ ( ഭര്‍ത്താവ്) നല്‍കിയ മറുപടിയാണ് ഈ ഡോക്ടറേറ്റ്. ഡോക്ടറേറ്റ് നേടുന്ന വരെയുളള പഠനത്തിന് ഞാന്‍ ഗ്യാരണ്ടി എന്നായിരുന്നു അരുണ്‍ അച്ഛന് നല്‍കിയ വാക്ക്. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് അന്നേ തീരുമാനിച്ചിരുന്നു. 

ഐപിആര്‍ ആന്‍ഡ് മീഡിയ എന്ന വിഷയം എല്‍എല്‍എമ്മിന് തിര‍ഞ്ഞെടുക്കുമ്പോള്‍ തന്നെ ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നു. അതുകൂടാതെ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത് . ഒന്ന് ഞാന്‍ ഇതുവരെ പഠിച്ച വിഷയം, രണ്ട് ഞാന്‍ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുന്ന സിനിമ . രണ്ടിനേയും തമ്മില്‍ യോജിപ്പിക്കുന്ന ഒരു വിഷയമായാല്‍ നന്നാകുമെന്ന് തോന്നി. അതാണ് ഐപിആര്‍ ആന്‍ഡ് ആര്‍ട്ട് എന്ന ആലോചയുടെ ആദ്യഘട്ടം. ക്രിയേറ്റിവിറ്റി ബേസ് ചെയ്യുന്ന  എക്കോണമിയില്‍ ഒരു ബൂം സംഭവിക്കുന്ന കാലമായതിനാല്‍ അതിലൊരു സാധ്യതയുണ്ടെന്ന വിലയിരുത്തലും പരിഗണിച്ചു എന്ന് വേണമെങ്കില്‍ പറയാം.  

സംവിധായകന്‍ നിര്‍മാതാവ് , സ്ക്രിപ്റ്റ് റൈറ്റര്‍ എന്നീ തിരഞ്ഞെടുപ്പിന് പിന്നില്‍ 

എനിക്ക് ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഭാഗമെന്ന നിലയിലാണ് ഇതിലേക്ക് വന്നത്. സിനിമ എന്ന് പറയുന്നത് ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്നുണ്ടാക്കുന്ന ഒരു കലാരൂപമാണ്. ചിലര്‍ അവസാനം വരെയും കാണും, ചിലര്‍ നിര്‍ണായക റോളിലുണ്ടാകും.സിനിമയെ നമ്മള്‍ ഒരു ബില്‍ഡിങ്ങിനോട് ഉപമിച്ചാല്‍  ഡയറക്ടര്‍ ഈസ് ദ ആര്‍കിടെക്റ്റ് , നിര്‍മാതാവാണ് പണം മുടക്കുന്നത്,  തിരക്കഥാകൃത്താണ് ബ്ലൂ പ്രിന്റ് നല്‍കുന്നത്.  അടിത്തറ മികച്ചതാവണമെങ്കില്‍ ബ്ലൂ പ്രിന്‍റ് നന്നാവണം. അതുകൊണ്ട് തന്നെ ഇവരെയെല്ലാം കൃത്യമായി അക്കോമഡേറ്റ് ചെയ്യുകയും റിവാര്‍ഡ് ചെയ്യപ്പെടുകയും വേണം. അങ്ങനെ ഒരു ചിന്ത ആദ്യമേ ഉണ്ടായിരുന്നു. 

മാത്രമല്ല സംവിധായകന്‍, നിര്‍മാതാവ് , സ്ക്രിപ്റ്റ് റൈറ്റര്‍, അഭിനയേതാവ് എന്നിവരാണ്  സിനിമയുടെ നാല് പില്ലര്‍. അതില്‍ തന്നെ സംവിധായനും നിര്‍മാതാവും സ്ക്രിപ്റ്റ് റൈറ്ററും അവകാശനിയമത്തില്‍ ഒരേ ദിശയില്‍ സഞ്ചരിക്കുന്നവരാണെന്ന് പറയാം. അഭിനേതാവ് വേറെ തന്നെ ഒരു മേഖലയാണ്. സംവിധായകന്‍, നിര്‍മാതാവ്, സ്ക്രിപ്റ്റ് റൈറ്റര്‍ എന്നിവരോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു മേഖല സംഗീതമാണ്. അങ്ങനെ എല്ലാം കൂടി ചേര്‍ത്ത് ഒരു പഠനം നടത്തുക പ്രായോഗികമല്ല. മാത്രമല്ല സംഗീതത്തിന്  ഇന്ത്യന്‍ സിനിമയിലുള്ള അത്ര പ്രാധാന്യം മറ്റ് ഇന്‍ഡസ്ട്രികളില്ല . മറിച്ച് സംവിധായകന്‍, നിര്‍മാതാവ്, സ്ക്രിപ്റ്റ് റൈറ്റര്‍ എന്നിവര്‍ ഏതൊരു ഇന്‍ഡസ്ട്രിയിലേയും സിനിമയുടെ ഭാഗമാണ്. യു കെ , യു എസ് സിനിമകളുമായുള്ള താരതമ്യ പഠനമാണ് പ്രധാനമായും നടത്തിയത്. അവിടെ സംഗീതത്തിന് ഇത്രയധികം പ്രാധാന്യമില്ലല്ലോ. 

വെല്ലുവിളി

സിനിമയിലെ പകര്‍പ്പവകാശം പരന്ന ഒരു മേഖലയാണ് . മാത്രമല്ല ഇന്ത്യയില്‍ തന്നെ ഈ വിഷയത്തിലെ ആദ്യ പിഎച്ച്ഡി ആയതിനാല്‍ മുന്‍ മാതൃകകളില്ലാ എന്നതും വെല്ലുവിളിയായിരുന്നു.  അതിനാല്‍ തന്നെ വലിയ  ആശയക്കുഴപ്പമുണ്ടായിരുന്നു തുടക്കത്തില്‍.  കാരണം ഒരു സംശയം വന്നാല്‍ ചോദിക്കാനോ റെഫര്‍ ചെയ്യാനോ മുന്‍ മാതൃകകള്‍ ഇല്ല. പക്ഷേ എന്തിനും ഒരു പരിഹാരം വേണമല്ലോ.അങ്ങനെ ആലോചിച്ചപ്പോള്‍ 2012 ലെ അമെന്റ്മെന്റിനായി രൂപീകരിച്ച എക്സ്പേര്‍ട്ട് കമ്മിറ്റിയിലെ അംഗങ്ങളുടെ കോണ്‍ടാക്ട് ഒക്കെ സംഘടിപ്പിച്ചു. അത് ഇന്ത്യയുടെ പലഭാഗത്ത് നിന്നുള്ളവരാണ്.  എന്റെ എല്‍എല്‍എം ഡിപ്പാര്‍ട്ട്മെന്റ് ഹെഡും  എക്സ്പേര്‍ട്ട് കമ്മിറ്റിയിലെ അംഗവുമായ ഡോക്ടര്‍ എന്‍ എസ് ഗോപാലകൃഷ്ണന്‍ സാറും സഹായിച്ചു. പുറത്ത് നില്‍ക്കുന്ന ഒരാള്‍  ഈ വിഷയത്തെ സമീപിക്കുന്നത് പോലെ ആകില്ല ഇന്‍ഡസ്ട്രി എക്സ്പോഷര്‍ ഉള്ള ഒരാള്‍ ഈ വിഷയത്തെ സമീപിക്കുക എന്നും പ്രാക്ടിക്കല്‍ വശം കൂടി നമ്മള്‍ പരിഗണിക്കും എന്ന സാധ്യത ആദ്യം മനസിലാക്കി തന്നതും സാറാണ്. 

പക്ഷേ അപ്പോഴും തിയററ്റിക്കല്‍ സ്റ്റഡീസ് വലിയ വെല്ലുവിളിയായിരുന്നു സിനിമകളുടെ പ്രൊഡക്ഷന്‍ സ്റ്റെല്‍ പഠിക്കുക എന്നതായിരുന്നു ആദ്യഘട്ടം.  പക്ഷേ ഓരോ സ്ഥലത്തും സിനിമ പ്രൊഡക്ഷന്‍ ഓരോ സ്റ്റൈലിലാണ് . ഉദാഹരണത്തിന്  ഹോളിവുഡ് സിനിമകള്‍ ചെയ്യുന്ന പോലെ അല്ല മറ്റെവിടെയും,  അതൊരു കോര്‍പറേറ്റ്  പ്രൊഡക്ഷന്‍ ഹൗസ്  വിഷയം തിരഞ്ഞെടുക്കുന്നു പിന്നീട് ഡെവലപ്പ് ചെയ്യുന്നു അതിന് ശേഷം  പ്രീ പ്രൊഡക്ഷന്‍  അങ്ങനെയൊരു വ്യവസ്ഥാപിത രീതിയാണ് പിന്തുടരുന്നത് . പക്ഷേ മലയാള സിനിമയുടെ രീതി അതല്ല , അതിപ്പോള്‍ ആരുടെയെങ്കിലും കൈയില്‍ ഒരു കഥയുള്ളതിനാലാകാം, ഏതെങ്കിലും താരത്തിന്റെ ഡേറ്റ് ലഭിച്ചതിനാലാകാം. ഇവിടെ അത്തരത്തിലൊരു വ്യവസ്ഥാപിത രീതി ഇല്ല. വളരെ ഓര്‍ഗാനിക്കായി സിനിമ സംഭവിക്കുന്ന ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. അപ്പോള്‍ ഇന്‍ഡസ്ട്രി ഡിഫറന്‍സ് മനസിലാക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി . അതിന് കുറച്ചധികം സമയം എടുത്തു, കാരണം എന്റെ എക്സ്പോഷര്‍ മലയാളത്തില്‍ മാത്രമാണല്ലോ.മാത്രമല്ല ഇതിന്റെ ഒരു അക്കാദമിക്കല്‍ ലിറ്ററേച്ചര്‍ വളരെ ലിമിറ്റഡ് ആയിരുന്നു . അത് കളക്ട് ചെയ്യുക എന്നതും ഏറെ ശ്രമകരമായിരുന്നു. മറ്റ് കലാരൂപങ്ങളെ അഡ്രസ് ചെയ്യുന്ന പോലെ സിനിമയെ അഡ്രസ് ചെയ്യാനാകില്ല എന്നതാണ് മറ്റൊരു വസ്തുത. കാരണം സിനിമയില്‍ പകര്‍പ്പവകാശമുള്ള പലരുണ്ട്, തിരക്കഥാകൃത്ത്, സംഗീതഞ്ജന്‍,  നിര്‍മാതാവ് ,  അഭിനേതാക്കള്‍ അങ്ങനെ. ഇതെല്ലാം ഒന്ന് സ്ട്രീം ലൈന്‍ ചെയ്ത് അതിനൊരു തിയററ്റിക്കല്‍ സ്റ്റഡി കൊണ്ടുവരുക എന്നുള്ളതായിരുന്നു ശരിക്കുള്ള ചലഞ്ച്. പലതരത്തിലുള്ള വെല്ലുവിളികളുണ്ടായെങ്കിലും ഗൈഡ് കവിത ചാലയ്ക്കലും ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ് എന്ന സ്ഥാപനവും തന്ന പിന്തുണ വളരെ വലുതാണ് 

സിനിമ കോവിഡിനു മുന്‍പും ശേഷവും 

പഠനം തുടങ്ങിയ ശേഷം വിഷയത്തിനപ്പുറം നേരിട്ട വലിയ വെല്ലുവിളിയായിരുന്നു കോവിഡ് കാലം. കോവിഡിന് ശേഷം ഇന്‍ഡസ്ട്രിയില്‍ മാറ്റമുണ്ടായി. അപ്പോള്‍ കുറച്ച് റീവര്‍ക്ക് ചെയ്യേണ്ടതായി വന്നു. കോവിഡിന് മുന്‍പും ശേഷവും എന്ന തരത്തില്‍ സിനിമ മാറി. അവിടെ മലയാള സിനിമ മാത്രമാണ് ഓര്‍ഗാനിക്കായി ആ മാറ്റങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെട്ടത്. മറ്റ് ഇന്‍ഡസ്ട്രികള്‍ പിന്നെയും സമയമെടുത്തു. അവിടെ ഒരു പാറ്റേണ്‍ സെറ്റായി വരുന്നത് വരെ കാത്തിരുന്ന് പഠിക്കുക മാത്രമേ ചെയ്യാനാകുമായിരുന്നുളളൂ. അങ്ങനെയാണ് അഞ്ച് വര്‍ഷം കൊണ്ട് തീരേണ്ട പഠനം ഏഴ് വര്‍ഷത്തിലേക്ക് നീണ്ടത്. പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് അവസാനിപ്പിച്ച് പോകാന്‍ തോന്നിയിരുന്നോ എന്ന്. പക്ഷേ ഈ ഒരു വിഷയമായത് കൊണ്ട് മാത്രമാണ് പൂര്‍ത്തിയാക്കാനായതെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇളയരാജയും കോപ്പിറൈറ്റ് വിവാദങ്ങളും 

എന്റെ റിസര്‍ച്ച് ഏരിയയില്‍ മ്യൂസിക് വരുന്നില്ല, പക്ഷേ ഞാന്‍ പഠിച്ചതും മനസിലാക്കിയതും അനുസരിച്ച് ഒരു വര്‍ക്കുണ്ടായി വരുന്നതില്‍ ആരൊക്കെ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ടോ അവര്‍ക്കെല്ലാം റോയല്‍റ്റി പോകണം. സംഗീതത്തിന്റെ കാര്യത്തിലാകുമ്പോള്‍ നിര്‍മാതാവ്,  ഗാനരചയിതാവ്, സംഗീത സംവിധായകന്‍ , ഗായകന്‍ എന്നിവര്‍ക്കൊക്കെ അവകാശമുണ്ട്. 2012 ന് ശേഷം വന്ന സംഗീത സംരംഭങ്ങള്‍ക്കെല്ലാം ഇതനുസരിച്ച് റോയല്‍റ്റി കിട്ടുന്നുണ്ട്.  കാരണം 2012 ല്‍ കോപ്പിറ്റൈറ്റില്‍ വന്ന അമന്റ്മെന്റ് എഴുത്തുകാര്‍ക്കും സംഗീത മേഖലയിലുള്ളവരേയും പ്രൊട്ടക്ട് ചെയ്യുന്നതാണ്. ഇളയരാജയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വന്നാല്‍ അദ്ദേഹം ചോദിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം റോയല്‍റ്റി ആവാം. നിര്‍മാതാവ് മറ്റൊരാള്‍ക്ക് അനുമതി നല്‍കിയാലും സംഗീത സംവിധായകനെന്ന നിലയിലുള്ള അവകാശം അപ്പോഴും ഇളയരാജയ്ക്കുണ്ട്. ആ അവകാശത്തില്‍ നിര്‍മാതാവിന് ഇടപെടാനാകില്ല, അതായിരിക്കാം ഇളയരാജ ആവശ്യപ്പെടുന്നത്.  അതില്‍ തന്നെ പലപ്പോഴും സംഭവിക്കുന്നത് നിര്‍മാതാവ് ഫ്യൂച്ചര്‍ റൈറ്റ്സ് മൊത്തമായി ചിലപ്പോള്‍ ഏതെങ്കിലും കമ്പനിക്കോ വ്യക്തിക്കോ എഴുതി നല്‍കിയിട്ടുണ്ടാകാം. പക്ഷേ അപ്പോഴും നിര്‍മാതാവിന് നല്‍കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ മാത്രം അവകാശമാണ്. സംഗീത സംവിധായകനെന്ന നിലയില്‍ ഇളയരാജക്കുള്ള ക്ലെയിം അപ്പോഴും നിലനില്‍ക്കും. അവിടെയാണ് ഇതൊരു തര്‍ക്ക വിഷയമാകുന്നത്. 

കോപ്പിറ്റൈറ്റ് റോയല്‍റ്റി എങ്ങനെ സോഴ്സിലേക്കെത്തുന്നു 

കോപ്പി റൈറ്റ് റോയല്‍റ്റി  നമ്മള്‍ നേരിട്ടല്ല വാങ്ങുന്നത്  . അതിനൊരു മെക്കാനിസം ഉണ്ട്. അതിനാണ് കോപ്പിറൈറ്റ് കളക്ടിങ് സൊസൈറ്റി എന്ന് പറയുന്നത്. ഇവര്‍ ഇടനിലക്കാരായി നിന്നുകൊണ്ട്, ഈ മ്യൂസിക്കോ മറ്റ് ആര്‍ട്ട് വര്‍ക്കുകളോ  ഉപയോഗിക്കുന്നവരില്‍ നിന്ന് ഒരു നിശ്ചിത താരിഫ് കളക്ട് ചെയ്ത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്

മലയാള സിനിമയും  റോയല്‍റ്റിയും 

രണ്ടു കാര്യങ്ങളാണ് അതില്‍ പ്രധാനമായും ഉള്ളത്.  റോയല്‍റ്റി സംബന്ധമായ ചര്‍ച്ചകള്‍ വരണമെങ്കില്‍ എഴുത്തുകാരുടെ സംഘടനയ്ക്കൊരു റോയല്‍റ്റി കളക്ടിങ് സൊസൈറ്റി വേണം. ഇന്ത്യയില്‍ ഇപ്പോള്‍ അടുത്തിടയ്ക്ക്, കഴിഞ്ഞ ഡിസംബറിലാണ് അത് രൂപീകരിക്കപ്പെട്ടത്.  ഇനിയാണ് അപ്പോള്‍ റോയല്‍റ്റി വാങ്ങുക എന്ന ഘട്ടത്തിലേക്കെത്താന്‍ പോകുന്നത്. രണ്ട് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കോപ്പിറൈറ്റ്സ് എന്നതിന് പകരം ഒരു റീമേക്കിലേക്കൊക്കെ പോകുമ്പോള്‍ അനുമതി ചോദിക്കുക, അതിനൊരു നിശ്ചിത പ്രതിഫലം കൊടുക്കുക തുടങ്ങിയ രീതികള്‍ ഒരു മര്യാദ പോലെ പിന്തുടര്‍ന്ന് വരുന്നുണ്ട്. പരസ്പരം അത്തരമൊരു ബഹുമാനം പുലര്‍ത്തുന്നതില്‍ മലയാള സിനിമ എന്നും മുന്നിലാണ് . 

അവകാശങ്ങള്‍ക്കായി ഒരു  ഐപിആര്‍ കണ്‍സള്‍ട്ടന്‍സി 

ഇപ്പോള്‍ തന്നെ Drafting and negotiating മേഖലയില്‍ വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന ഒരു കണ്‍സള്‍ട്ടന്‍സി ഞാന്‍ നടത്തുന്നുണ്ട്.  പ്രധാനമായും നിര്‍മാതാക്കളാണ് ഇപ്പോള്‍ ക്ലയിന്റായി വരുന്നത്. പല കരാറുകളിലുമുള്ള അവരുടെ സംശയങ്ങള്‍ തീര്‍ത്ത് കൊടുക്കാന്‍ ശ്രമിക്കാറുണ്ട് . പിന്നെയുള്ളത് സംഗീത സംവിധായകരാണ് . അവരുടെ അവകാശങ്ങളെ കുറിച്ചറിയാന്‍ കണ്‍സള്‍ട്ട് ചെയ്യാറുണ്ട്.  ഇപ്പോള്‍ കരാര്‍ ഒപ്പിടുക എന്നത് നമ്മുടെ ഇന്‍ഡസ്ട്രിയിലും വളരെ സാധാരണമാണ് . മുന്‍പ് അങ്ങനെയൊരു ശീലം നമ്മുക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതരഭാഷ പ്രൊഡക്ഷന്‍ കമ്പനികളൊക്കെ ഇവിടെ ഇന്‍വെസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും കരാര്‍ സര്‍വ സാധാരണമാണ് . അപ്പോള്‍ പലപ്പോഴും അഭിനേതാക്കള്‍ക്ക് കരാര്‍ ഉണ്ടാക്കുന്നതില്‍ വൈദഗധ്യം ഉണ്ടാകണമെന്നില്ല. ഈ ഘട്ടത്തില്‍ ഇന്‍ഡസ്ട്രി എക്പോഷര്‍ ഉള്ള ഒരാളെന്ന നിലയില്‍ അഭിനേതാക്കളുടേയും നിര്‍മാണ കമ്പനിയുടേയും ആവശ്യങ്ങള്‍ മനസിലാക്കി ഇരുവര്‍ക്കും യോജിക്കാവുന്ന തരത്തിലുള്ള കരാര്‍ ഒപ്പിട്ടുനല്‍കുകയാണ് ഞാന്‍ ചെയ്യുന്നത്. 

സിനിമയുടെ റോയല്‍റ്റി ആര്‍ക്കാണ് 

സിനിമയുടെ ഉടമസ്ഥന്‍ നിര്‍മാതാവ് തന്നെയാണ്. അദ്ദേഹത്തിന് തന്നെയാണ് റോയല്‍റ്റി. റീമേക്ക് ചെയ്യുമ്പോള്‍ നിര്‍മാതാവിന്റെ മാത്രം അനുമതി മതിയാകും . 

സിനിമ

ഭര്‍ത്താവ്  പി ആ ര്‍അരുണ്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി  പ്രധാനവേഷത്തിലെത്തുന്ന ഫാര്‍മ എന്ന വെബ് സീരീസാണ് ഇനി വരാനുള്ളത് . എം. എ നിഷാദിന്റെ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്  

ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും സഞ്ചരിക്കുന്ന മുത്തുമണി 

എന്റെ അച്ഛനും അമ്മയും അധ്യാപകരായിരുന്നു. ഭര്‍ത്താവ് അരുണും സിനിമയ്ക്കൊപ്പം അധ്യാപനം കൊണ്ടുപോകുന്നുണ്ട്. മാത്രമല്ല ഞാന്‍ എന്ത് ആഗ്രഹിക്കുന്നോ അതിനൊപ്പം നില്‍ക്കുന്ന ഒരു സപ്പോര്‍ട്ടിങ് സിസ്റ്റമുള്ളത് കൊണ്ട്  എന്തൊക്കെ ആഗ്രഹിക്കുന്നോ അതൊക്കെ നടന്ന് പോകുന്നുണ്ട് 

ENGLISH SUMMARY:

While many actors pause their education due to the demands of cinema, actress and educator Muthumani has successfully completed her postgraduate studies in law alongside her film career and has earned a PhD focusing on copyright law in cinema. Her research, which explores the legal rights of directors, producers, and scriptwriters, places her among the very few in India with such academic expertise. Muthumani describes this achievement as a historic milestone and believes it will contribute significantly to the film industry.