ബോക്സോഫീസില്‍ വന്‍കുതിപ്പ് തുടരുകയാണ് തരുണ്‍മൂര്‍ത്തി–മോഹന്‍ലാല്‍ ചിത്രം ‘തുടരും’.രാജ്യാന്തര തലത്തില്‍ ഏകദേശം 170 കോടിയിലേറെ തുടരും നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി 89 കോടിയിലധികവും നേടി. മലയാളം പതിപ്പിന് പുറമെ ഇപ്പോള്‍ തുടരുവിന്‍റെ തമിഴ്പതിപ്പും കളക്ഷന്‍ കുതിപ്പ് തുടരുകയാണ് എന്ന റിപ്പോട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നാം ദിനം 32 ലക്ഷവും രണ്ടാം ദിനം 60 ലക്ഷവും നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
തമിഴ്നാട്ടില്‍ കുറഞ്ഞ റിലീസ് മാത്രമേ ചിത്രത്തിനുള്ളൂ എന്നതും എടുത്തുപറയേണ്ടതാണ്.തമിഴില്‍ ‘തൊടരും’ എന്ന പേരിലാണ് ചിത്രം റിലീസിനെത്തിയത്.മലയാളി പ്രേക്ഷകരെപ്പോലെ മോഹന്‍ലാലിന്‍റെ അഭിനയ മികവിനെക്കുറിച്ച് തന്നെയാണ് തമിഴ് പ്രേക്ഷകരുടെയും പ്രതികരണം. സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡബ്ബിംങ് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
അടുത്ത ദിവസം തന്നെ തുടരും ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷന്‍ നേടുമെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍. അങ്ങനെയെങ്കില്‍ എമ്പുരാന് ശേഷം രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ കേറുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാകും തുടരും.
ബിനു പപ്പു, പ്രകാശ് വര്‍മ, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട് . ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്.