മലയാള സിനിമകളുടെ തിയേറ്റര്‍ കലക്ഷന്‍ കണക്കുകള്‍ പുറത്തുവിടുന്നതില്‍ വിമര്‍ശനം ഉയര്‍ന്നതിനുപിന്നാലെ വിശദീകരണവുമായി പ്രൊഡ്യൂസേഴ്​സ് അസോസിയേഷന്‍. സിനിമ മേഖലയില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഭൂരിഭാഗം ചിത്രങ്ങൾക്കും തിയറ്റർ വരുമാനം മാത്രമേയുള്ളുവെന്നും പല താരങ്ങളുടെയും പ്രതിഫലം ഗ്രോസ് കലക്ഷനായിപോലും നിർമാതാവിന് ലഭിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ക്ക് നല്‍കിയ കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറയുന്നു. 

ഒടിടി റിലീസിലൂടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്ന സാഹചര്യമുണ്ടായെങ്കിലും പിന്നീട് വിപരീതമായ അനുഭവമുണ്ടായി. താരങ്ങളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും അമിതമായ പ്രതിഫലം കാരണം നിര്‍മാണ ചിലവ് വര്‍ധിച്ചു. ഇരട്ടനികുതി എന്ന വിനോദ നികുതിയും നല്‍കിയശേഷം വരുന്ന തിയേറ്റര്‍ വരുമാനത്തില്‍നിന്നു മാത്രം മുടക്കുമുതല്‍ തിരികെ പിടിക്കേണ്ട ഗതികേടിലാണ് നിര്‍മാതാക്കള്‍. ഈ സാഹചര്യത്തിലാണ് തിയേറ്റര്‍ വരുമാനത്തെ സംബന്ധിച്ചുള്ള കണക്കുകള്‍ ശേഖരിച്ച് പുറത്തുവിടാന്‍ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം തീരുമാനിച്ചതെന്ന് കത്തില്‍ പറയുന്നു.  

വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മയുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും നിലവില്‍ അഡ്ഹോക് കമ്മറ്റി ഭരണം നടത്തുന്നതിനാല്‍ ചര്‍ച്ച ജനറല്‍ ബോഡി കഴിഞ്ഞേ നടക്കുകയുള്ളൂ. സിനിമ നിര്‍മിക്കാന്‍ വരുന്ന ഓരോ നിര്‍മാതാവും ഇതേക്കുറിച്ച് അറിയേണ്ട ആവശ്യകത ഉണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കണക്കുകള്‍ പുറത്തുവിടുന്നതെന്ന് കത്തില്‍ പറയുന്നു. ചില തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നതുപോലെ സംഘടന നേതത്വത്തിലുള്ളവര്‍ക്ക് മാത്രം ലാഭം ഉണ്ടാക്കുന്നതിനും അവരുടെ ബിസിനസ് സംരക്ഷണത്തിനും വേണ്ടിയാണ് നഷ്ടക്കണക്കുകള്‍ പുറത്തുവിടുന്നതെന്ന  പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കത്തില്‍ വിദീകരിക്കുന്നു. ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല  നിർമാതാക്കളെന്നും കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു.  

ENGLISH SUMMARY:

Following criticism over the release of theatre collection figures of Malayalam films, the Producers' Association has issued a clarification. The explanation came after voices of dissent were raised from within the film industry itself. In a letter to producers, the Association stated that most films earn revenue solely from theatrical releases, and in many cases, actors' remunerations are deducted from the gross collection itself, leaving producers with little to no actual earnings.