പാക്കിസ്ഥാന് ശക്തമായ തിരിച്ചടി ഇന്ത്യ കൊടുക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നമ്മുടെ രാജ്യത്തിന് വേണ്ടിയും ജവാന്‍മാര്‍ക്ക് വേണ്ടിയും പ്രാർഥിക്കണമെന്ന് ഗായകന്‍ എംജി ശ്രീകുമാര്‍. ഫെയ്സ്ബുക്കിലൂടെയാണ് എംജി ശ്രീകുമാര്‍ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും ശക്തമായി പ്രതിരോധിച്ച് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി കൊണ്ടിരിക്കുകയാണ്.
തുടര്‍നടപടികളടക്കം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും യോഗത്തിൽ പങ്കെടുക്കും. അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തും. പ്രത്യാക്രമണത്തിന്‍റെ വിവരങ്ങളും വിലയിരുത്തും. ജമ്മുവിലുണ്ടായ ആക്രമണവും മറ്റിടങ്ങളിലുണ്ടായ ആക്രമണവും അതിനെ പ്രതിരോധിച്ചകാര്യവുമടക്കം യോഗത്തിൽ വിലയിരുത്തും.
നിയന്ത്രണരേഖയിൽ വെടിവെയ്പ്പ് തുടരുകയാണ്. പാക് ഷെല്ലാക്രമണത്തിനെതിരെ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകുന്നത്. അതിര്‍ത്തിയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചുകൊണ്ട് മേഖലയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തിയതാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഉറി, ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൗരന്മാരുടെ കാറുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായത്.