‘തുടരും’ സിനിമയിലെ കൊണ്ടാട്ടം ഗാനത്തിനു ചുവടുവച്ച് പ്രേമും സ്വാസികയും. ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും തകര്‍ത്തഭിനയിച്ച ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിക്കഴിഞ്ഞു. മുറ്റത്തെ വെള്ളക്കെട്ടില്‍ നിന്നുകൊണ്ടാണ് സ്വാസികയും പ്രേമും ചുവടുവയ്ക്കുന്നത്.
ലാലേട്ടനോടുള്ള സ്നേഹാദരം എന്ന രീതിയില്‍ പങ്കുവച്ച വിഡിയോയില്‍ മുണ്ടും ബ്രൗണ്‍ ഷര്‍ട്ടും കുറിയുമിട്ടാണ് പ്രേമിനെ കാണാനാവുക. കറുത്ത സാരിയാണ് സ്വാസികയുടെ വേഷം. ഇരുവരുടെയും സ്റ്റെപ്പിനെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളും നിറയുന്നുണ്ട്. എവിടെയായിരുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ജേക്സ് ബിജോയ് ഈണമൊരുക്കിയ ഗാനമാണ് ‘കൊണ്ടാട്ടം’. വിനായക് ശശികുമാറിന്റെ വരികൾ എം.ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 15 വർഷത്തിനു ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ ഗാനമാണ് ‘കൊണ്ടാട്ടം’. മോഹന്‍ലാലിന്‍റെ കരിയറിലെ 360ാം ചിത്രമായി തിയറ്ററുകളിലെത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ ബോക്സ് ഓഫിസിൽ വമ്പൻ കുതിപ്പ് തുടരുകയാണ്.