സിനിമാതാരം വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. വെള്ളിയാഴ്ച ചേർത്തല സബ് റജിസ്ട്രാർ ഓഫിസിൽ നടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. റജിസ്ട്രാർ ഓഫിസിൽ നിന്നുള്ള വിവാഹചടങ്ങിന്‍റെ വിഡിയോ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ’...എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
താനും അഞ്ജലിയും ചേര്‍ന്ന് ഹാന്‍ഡ് പിക് ചെയ്താണ് കല്യാണം ഡിസൈന്‍ ചെയ്തതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വിഷ്ണു പറയുന്നു. തങ്ങള്‍ തന്നെയാണ് വിവാഹത്തിനു വേണ്ട എല്ലാ ഒരുക്കളും ചെയ്തത്. ഞങ്ങള്‍ രണ്ടും മാത്രമിരുന്ന് ഡിസൈന്‍ ചെയ്ത പരിപാടിയാണ്.
വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചു രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
2017ൽ ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ വർഷം തന്നെ അനൂപിനൊപ്പം ‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന സിനിമയുടെ സംവിധായകനായി. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. വില്ലൻ, വിമാനം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അലയന്‍സ് ടെക്നോളജിയിലെ ജീവനക്കാരിയാണ് അഞ്ജലി