തിയറ്ററുകളിൽ ഹൗസ് ഫുള്ളായ തുടരുമെന്ന മോഹൻലാൽ ചിത്രത്തിന്റെ വ്യാജൻ ടൂറിസ്റ്റ് ബസ്സിൽ. മലപ്പുറത്ത് നിന്ന് വാഗമണ്ണിലേക്കുപോയ ടൂറിസ്റ്റ് ബസ്സിൽ തുടരും പ്രദർശിപ്പിച്ചത് തെളിവുസഹിതം ഒരു സ്ത്രീയാണ്ചിത്രത്തിലെ നടൻ ബിനു പപ്പുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.തെളിവും പരാതിയും ലഭിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചതിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാവ് എം.രഞ്ജിത്ത് സൈബർ സെൽ ഹെഡ്ക്വാർടേഴ്സിൽ പരാതി നൽകി.
മലപ്പുറത്ത്നിന്ന് വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കൊല്ലം റജിസ്‌ട്രേഷനിലുള്ള ബസിലെ സിനിമ പ്രദര്‍ശനത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ കൈമാറി കിട്ടിയ നടൻ ബിനു പപ്പു നിർമാതാവ് എം.രഞ്ജിത്തിനെ അറിയിച്ചു .സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കുന്നത് സാമൂഹിക ദ്രോഹമാണെന്ന് പ്രതികരിച്ച മന്ത്രി സജി ചെറിയാൻ ശക്തമായ നടപടി ഉണ്ടാകണമെന്ന് ഉറപ്പുനൽകി. സൈബർ സെൽ ഹെഡ്ക്വാർടേഴ്സിൽ പരാതി നൽകിയ നിർമാതാവ് എം.രഞ്ജിത്ത് നിയമനടപടി തുടരുമെന്ന് മനോരമ ന്യൂസിനോട് പറഞ്ഞു.
അതിനിടെ സിനിമ പ്രദർശിപ്പിച്ച ബസിലെ ഡ്രൈവറും ജീവനക്കാരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ബസുടമയായ അരീക്കോട്ടെ ഡൊമിനോസ് ട്രാവൽസ് ഉടമ ജഷീൽ മനോരമ ന്യൂസിനോട് വിശദീകരിച്ചത്. ബസിലെ ആൻഡ്രോയിഡ് ടിവി യാത്രക്കാരുടെ മൊബൈൽ ഫോണുമായി ബന്ധിച്ചാണ് സിനിമ കണ്ടത്. നിർമാതാവ് രഞ്ജിത് വിളിച്ചുവെന്നും യാത്രക്കാരുടെ ഫോൺ നമ്പറും വിവരങ്ങളും നൽകി അന്വേഷണവുമായി സഹകരിക്കുമെന്നും ബസുടമ പറഞ്ഞു.
അതേസമയം, ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. ‘എമ്പുരാനു’ തൊട്ടുപിന്നാലെയാണ് മറ്റൊരു മോഹൻലാൽ ചിത്രം കൂടി നൂറുകോടിയിലെത്തുന്നത്. ഒരു മാസങ്ങൾക്കുള്ളിൽ തുടർച്ചയായ രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തിക്കുന്ന ആദ്യ തെന്നിന്ത്യൻ താരമെന്ന െറക്കോർഡും മോഹൻലാൽ സ്വന്തമാക്കിയെന്ന് ആരാധകർ അവകാശപ്പെടുന്നു.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.