തന്‍റെ മകളെ പറ്റിയും കേസ് സമയത്ത് സപ്പോര്‍ട്ട് കചെയ്ത സിനിമ താരങ്ങളെ പറ്റിയും നടന്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. തനിക്കും കുടുംബത്തിനും താങ്ങായി നിന്ന ഒട്ടേറെ പേരുണ്ടെന്നും ഒറ്റപ്പെടുത്താൻ നോക്കിയപ്പോൾ കൂടെ നിന്നവർ ഒരുപാടുണ്ടെന്നും ദിലീപ് പറയുന്നു. മന്ത്രി ഗണേശ് കുമാറിന്‍റെയുൾപ്പെടെ പേര് ദിലീപ് എടുത്ത് പറഞ്ഞിട്ടുണ്ട്. ‘ഗണേശേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും പുള്ളി എന്നെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്ക, സത്യേട്ടൻ, ജോഷി സർ, പ്രിയൻ സർ, ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട് എനിക്ക് വേണ്ടി സംസാരിച്ചത്’ ദിലീപ് പറയുന്നു.
ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടൻ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടിൽ കരി ഓയിൽ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ടെന്നും ദിലീപ് പറയുന്നു.
മൂത്ത മകൾ മീനാക്ഷിയെക്കുറിച്ചും ദിലീപ് സംസാരിച്ചു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവൾ പഠിച്ച് ഡോക്ടറായി. അവൾ എന്‍റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോർട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തു– ദിലീപ് പറഞ്ഞു.
അതേ സമയം ദിലീപ് നായകനായെത്തുന്ന ഫാമിലി കോമഡി ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ ഈ ആഴ്ച തിയറ്ററിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രമാണ്. നവാഗതനായ ബാന്‍റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ തികച്ചും ഒരു കുടുംബചിത്രമാണ്.