listin-threatens-malayalam-film-industry-sandra-thomas-accuses

മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് ആരോപിച്ച നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ വീണ്ടും കടന്നാക്രമിച്ച് നിർമാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും കൈപ്പിടിയിൽ ഒതുക്കണമെന്ന താൽപര്യമാണ് പിന്നിലെന്നും സാന്ദ്ര ആരോപിച്ചു. ഇതിനിടെ ലിസ്റ്റിൻ ഉദ്ദേശിച്ചത് നടൻ നിവിൻ പോളിയെയാണെന്ന് നവമാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോൾ പരാതി നൽകിയാൽ പരിശോധിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ്കുമാർ പ്രതികരിച്ചു.

ദിവസം രണ്ട് കഴിഞ്ഞിട്ടും ആ നടൻ ആരാണെന്ന് മാത്രം ലിസ്റ്റിൻ പറഞ്ഞിട്ടില്ല. നിവിൻ പോളിയാണ് ആ നടൻ എന്ന ചർച്ചയിൽ പ്രതികരിക്കാൻ നിവിനും തയാറായിട്ടില്ല.ഇവിടെയാണ് ലിസ്റ്റിന്റെ ലക്ഷ്യങ്ങളെ നിർമാതാവ് സാന്ദ്ര തോമസ് ചോദ്യം ചെയ്യുന്നത്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരിൽ നിന്ന് വൻതുക വാങ്ങി അവരുടെ ഏജന്റായി ലിസ്റ്റിൻ കൂടിയ പലിശയ്ക്ക് മലയാള സിനിമയിൽ പണം മുടക്കുന്നുവെന്നാണ് സാന്ദ്രയുടെ ആരോപണം.

ലിസ്റ്റിൻ നടത്തിയ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണ്. വട്ടിപലിശക്കാരന്റെ താൽപര്യം കാരണം ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സാന്ദ്ര ഫെയ്സ്ബുക്കിൽ പറഞ്ഞു. ഇതിനിടെ വട്ടിപ്പലിശ ഏർപ്പാട് ശരിയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ്കുമാറും സാന്ദ്രയുടെ ആരോപണം ഗൗരവമുള്ളതെന്ന് സംവിധായകൻ വിനയനും പ്രതികരിച്ചു. നിർമാതാക്കളുടെ സംഘടന നിലപാട് വ്യക്തമാക്കിയിട്ടും നടനെതിരെ ആരോപണം ഉന്നയിച്ച ലിസ്റ്റിൻ ആ പേര് പറഞ്ഞ് എന്തുകൊണ്ട് പരാതി നൽകുന്നില്ലെന്ന ചോദ്യം ബാക്കി.

ENGLISH SUMMARY:

Producer Sandra Thomas has once again lashed out at Listin Stephen, accusing him of threatening the Malayalam film industry as part of a conspiracy. She claims that Listin aims to control all sectors of the industry and is acting as an agent for moneylenders from Tamil Nadu, investing their funds at high interest rates. Despite serious allegations and growing discussions pointing to actor Nivin Pauly, Listin has not revealed the actor’s name, and the Producers Association has stated that a complaint will be considered if filed.