മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു.  400ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് പലകുറി താരം പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം മണിയന്‍പിള്ള രാജു വീണ്ടും ഒന്നിച്ച 'തുടരും' മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ താന്‍ കാന്‍സര്‍ സര്‍വൈവറാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു.

‘തുടരും’ എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് ചെവിയിൽ വേദന തോന്നിയതിനെ തുടർന്ന് പരിശോധിക്കുന്നത്. ചികിത്സയിൽ നാവിനു അടിയിൽ കാന്‍സര്‍ ആണെന്ന് കണ്ടെത്തുകയും റേഡിയേഷനും കീമോയുമടക്കമുള്ള ചികിത്സ എല്ലാം പൂർത്തിയാവുകയും ചെയ്തു. ഇപ്പോൾ മറ്റു മരുന്നൊന്നും ഇല്ല പക്ഷേ 16 കിലോ ശരീര ഭാരം കുറഞ്ഞുവെന്നും മണിയൻ പിള്ള രാജു പറയുന്നു. കൊച്ചിയിൽ നടന്ന എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലാണ് നടന്റെ തുറന്നു പറച്ചിൽ.

ഇപ്പോൾ മറ്റു മരുന്നൊന്നും ഇല്ല, പക്ഷേ 16 കിലോ ശരീര ഭാരം കുറഞ്ഞു

‘കഴിഞ്ഞവര്‍ഷം എനിക്ക് കാന്‍സര്‍ ആയിരുന്നു. ‘തുടരും’ എന്ന സിനിമ കഴിഞ്ഞ് 'ഭഭബ്ബ' എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചു പോകുന്ന വഴി എനിക്ക് ചെവിവേദന വന്നു. എംആര്‍ഐ എടുത്തുനോക്കിയപ്പോള്‍ ചെറിയ ഒരു അസുഖം, തൊണ്ടയുടെ അങ്ങേ അറ്റത്ത് നാവിന്റെ അടിയില്‍. 30 റേഡിയേഷനും അഞ്ച് കീമോയൊക്കെ ചെയ്തു. സെപ്റ്റംബറോടുകൂടി ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു. ഇപ്പോൾ മരുന്നൊന്നുമില്ല, പക്ഷേ 16 കിലോ ശരീരഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല. സിനിമയിലൊക്കെ കുറ്റവും കുറവും പറഞ്ഞ് ഉണ്ടാക്കിയ തടി ആണ് പോയത്. സിനിമയിൽ വന്നിട്ട് ഇതെന്റെ അൻപതാമത്തെ വർഷമാണ്. ഏപ്രിൽ 20ാം തിയതി എനിക്ക് 70 വയസ്സും തികഞ്ഞു. ആഘോഷം ഒന്നും ഇല്ല.’ മണിയന്‍പിള്ള രാജുവിന്റെ വാക്കുകൾ.

ENGLISH SUMMARY:

Popular Malayalam actor Maniyanpilla Raju reveals he is a cancer survivor. After experiencing ear pain during a film shoot, he was diagnosed with cancer under his tongue. Following radiation and chemotherapy, he completed his treatment in September and is now doing well