listin-malayalam-actor

മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന്  നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കൊച്ചിയിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങിനിടെയാണ് പേരെടുത്തു പറയാതെയുള്ള  ലിസ്റ്റിന്റെ പ്രതികരണം. നടന്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്. 

ലിസ്റ്റിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്'. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. 

സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്‍റെ പ്രസ്താവനയ്​ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്‍റുകള്‍. 

ദിലീപിന്റെ 150മത്തെ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഒഫിഷ്യൽ ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് പറഞ്ഞത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിന്റോ സ്റ്റീഫൻ ആണ്. ഷാരിസ് തിരക്കഥയെഴുതിയ ചിത്രത്തിൽ ഉർവശി, ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മെയ് 9ന് ചിത്രം തീയറ്ററുകളിൽ എത്തും. 

ENGLISH SUMMARY:

Producer Listin Stephen has publicly criticized a leading Malayalam actor for a serious mistake, stating that he has "lit the fuse of a major explosion." Though he avoided naming the actor, his strong warning during a promotional event in Kochi has stirred speculation in the film industry.