മേയ് ദിനത്തില്‍ രേഖാചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ലാഭവിഹിതം നല്‍കി നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ശമ്പളത്തിന് പുറമെയാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് കാവ്യാ ഫിലിം കമ്പനി അധിക തുക അനുവദിച്ചത്. ചിത്രത്തിന്‍റെ എഡിറ്ററായിരുന്ന ഷമീര്‍ മുഹമ്മദ് ആണ് ഇക്കാര്യം പറഞ്ഞ് കുറിപ്പിട്ടത്.
പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും തുക ലഭിച്ചതായി ഷമീറിന്‍റെ കുറിപ്പിലുണ്ട്. നേരത്തെ കാവ്യാ ഫിലിംസിന്റെ മാളികപ്പുറം ചിത്രത്തിലും തനിക്ക് ഇതുപോലെ തുക ലഭിച്ചിരുന്നു എന്നും ഷമീര്‍ പറയുന്നു.
'ഒരു സിനിമയിൽ വർക്ക് ചെയ്യുക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയും സ്വപ്നമാണ്, വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വർഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം, ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്. സിനിമ ഇറങ്ങുന്നതിന് മുൻപ് പറഞ്ഞ ശമ്പളം എല്ലാവർക്കും തന്നതാണ് വേണു കുന്നപ്പിള്ളി. ഇന്ന് ലോക തൊഴിലാളി ദിനത്തില്‍ രാവിലെ കാവ്യാ ഫിലിം കമ്പനിയിൽ നിന്നും എന്റെ അക്കൗണ്ടിൽ ഒരു തുക ക്രെഡിറ്റായി' എന്നാണ് ഷമീര്‍ പറയുന്നത്.
'വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും അത് ഉണ്ട്. കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്, ആത്മാർത്ഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും സിനിമ വിജയിക്കുമ്പോൾ ഓർക്കുന്നത്. ഇനിയും കാവ്യ ഫിലിംസിനൊപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങൾ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു' എന്നും ഷമീറിന്‍റെ കുറിപ്പിലുണ്ട്.