സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ‘റെട്രോ’ തിയറ്ററുകളിൽ എത്തി. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കങ്കുവ’യുടെ ദയനീയമായ പരാജയത്തിനുശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയാണിത്. പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990കളിലെ കഥയാണ് പറയുന്നത്. 168 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
കഥയിലെ പുതുമയില്ലായ്മ സിനിമയുടെ പ്രധാന പോരായ്മയായി പറയുന്നത്. ജയറാം തനിക്ക് കിട്ടിയ വേഷം മികച്ചതാക്കിയെങ്കിലും സൂര്യയുടെ തിരഞ്ഞെടുപ്പ് വീണ്ടും പാളിയെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രം ലാഗടുപ്പിച്ച് മടുപ്പുളവാക്കുന്നതായും ആരാധകര്‍ പറയുന്നു. ‘കാർത്തിക് സുബ്ബാരാജിന്റെ ഉറക്ക ഗുളിക മേക്കിങ് ആണ് മൊത്തം പടത്തിന് വിനയായത്, സൂര്യയുടെ ഗെറ്റ് ആപ്പ് ചെയ്ഞ്ച്കൾക്ക് വേണ്ടത്ര ഓളം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല , എന്നാലും എന്‍റെ സൂര്യ ഈ ചതി വേണ്ടായിരുന്നു ’ എന്നിങ്ങനെ പോകുന്നു പ്രതികരണം.
ഗ്യാങ്സ്റ്ററായി സൂര്യ ചിത്രത്തിലെത്തുന്നു, ചാപ്ലിൻ എന്ന മലയാളി ഡോക്ടറായി ജയറാം തകർത്തഭിനയിച്ചു. നാസർ, സുജിത് ശങ്കർ, കരുണാകരൻ, സിങ്കംപുലി, വിധു, അവിനാശ്, തരക്, പ്രേം കുമാർ, ഉദയ് മഹേഷ്, രമ്യ സുരേഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.