സിനിമയിലെ ലഹരിക്കെതിരെ ശക്തമായി പ്രതികരിച്ച് എണ്‍പതുകളിലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍. ലഹരിക്ക് അടിമയായ നടന്മാര്‍ക്ക് ചികില്‍സ ആവശ്യമാണെന്നും തിരുത്തണമെന്ന് ബോധ്യപ്പെട്ടാണ് ഷൈന്‍ ടോം ചാക്കോ ചികില്‍സ തേടിയതെന്നും സംവിധായകന്‍ കമല്‍. ലഹരി ഉപയോഗിക്കുന്നവരെക്കാള്‍ അതിന് പ്രേരിപ്പിക്കുന്നവരാണ് കുറ്റക്കാരെന്ന് നടി മേനക. ലഹരി ഉപയോഗിക്കുന്നവര് ഉണ്ടെങ്കിലും സിനിമാക്കാര്‍ മൊത്തത്തില്‍ മോശക്കാരല്ലെന്ന് മണിയന്‍പിള്ള രാജു. 80 മദ്രാസ് മെയില്‍ എന്ന പേരില്‍ കൊച്ചിയില്‍ ചേര്‍ന്ന എണ്‍പതുകളിലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മനോരമ ന്യൂസിനോട് മനസ്സ് തുറന്നത്.
പരസ്പരം സൗഹൃദം പങ്കുവച്ച് ഒരു പകല്‍. മദ്രാസില്‍ സിനിമയ്ക്കായി ഒത്തുചേര്‍ന്നവര്‍. എണ്‍പതുകളില്‍ സിനിമയില്‍ നിറഞ്ഞുനിന്നവര്‍. ആ സന്തോഷത്തിനിടയിലേക്ക് മനോരമ ന്യൂസിന് ചോദിക്കാനുണ്ടായിരുന്നത് സിനിമയിലെ പുതുതലമുറയെക്കുറിച്ചാണ്. അവരില്‍ പലരും നേരിടുന്ന ലഹരി ആരോപണത്തെക്കുറിച്ചായിരുന്നു. ഇനിയുള്ള തലമുറ വളരെ സൂക്ഷിച്ച് മുന്നോട്ടുപോകണമെന്നും അവനവനെ കുറിച്ചും കുടുംബത്തെക്കുറിച്ചു മനസിലാക്കണമെന്നും നടന്‍ കുഞ്ചന്‍.
സിനിമാക്കാര്‍ മൊത്തത്തില്‍ മോശക്കാരല്ല. ലഹരി ഉപയോഗം അസുഖമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ഉപയോഗിക്കുന്നത് അവരവരുടെ തെറ്റെന്ന് മണിയന്‍പിള്ള രാജു.
പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ കാശുകിട്ടുന്ന പുതുതലമുറ ആ പണം ലഹരിയായിട്ടും മറ്റും കളയുകയാണെന്ന് നടി ശ്രീലത നമ്പൂതിരി. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ് കുറ്റക്കാര്‍ തൊഴിലിനോട് ആത്മാര്‍ഥതയുള്ളവര്‍ സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ലെന്നും മേനക.
സിനിമാക്കാര്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്ന് ശാന്തി കൃഷ്ണ. ലഹരിക്ക് അടിപ്പെട്ട നടന്മാര്‍ക്ക് ചികില്‍സ ആവശ്യമാണെന്നും ചെറുപ്പക്കാര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണം. എന്നാല്‍ അവര്‍ ഉള്‍പ്പെട്ട കേസുകള്‍ നിയമത്തിന്‍റെ വഴിക്ക് പോകണമെന്നുമായിരുന്നു കമലിന്‍റെ പ്രതികരണം.
സിനിമാലോകത്ത് ലഹരിയെക്കുറിച്ച് സജീവചര്‍ച്ച നടക്കുന്നതുകൊണ്ടുതന്നെയാണ് പഴയകാല സിനിമാക്കൂട്ടായ്മയുടെ പ്രസക്തിയെന്ന് പരിപാടിയുടെ സംഘാടകരില്‍ ഒരാളായ ഭാഗ്യലക്ഷ്മി പറഞ്ഞു.