വോയിസ് ഓഫ് ദ് വോയിസ്‍ലെസ്. ശബ്ദമില്ലാത്തവന്‍റെ ശബ്ദമായി വന്ന് സവര്‍ണതയോട് അയാള്‍ റാപ്പിലൂടെ കലഹിച്ചിരിക്കാം. നീതിയുടെ, സമത്വത്തിന്‍റെ രാഷ്ട്രീയം വിളിച്ചുപറഞ്ഞിട്ടുണ്ടാകും. എന്നാല്‍ ഇതൊക്കെ ഒരാള്‍ ലഹരി ഉപയോഗിച്ചതിനെ ന്യായീകരിക്കാനുള്ള കാരണങ്ങളാണോ?. 6 ഗ്രാം കഞ്ചാവാണ് വേടന്‍റെയും സുഹൃത്തുക്കളുടെയും പക്കലുണ്ടായിരുന്നത്. അളവെത്ര കുറഞ്ഞാലും പ്രശസ്തനായ ഒരാളുടെ പേരില്‍ ലഹരിക്കേസ് വരുമ്പോഴുണ്ടാകാനിടയുള്ള പബ്ലിസിറ്റി വേടന്‍റെ കാര്യത്തിലും സംഭവിച്ചു.

പക്ഷേ നിമിഷങ്ങള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞു. വേടന് പിന്തുണയുമായി പ്രശസ്തരും സാധാരണക്കാരുമടക്കം ഒട്ടേറെപ്പേര്‍ രംഗത്തെത്തി. അവര്‍ ആദ്യംതന്നെ പറഞ്ഞത് വേടനെ വിധിക്കുന്നത് ആറുഗ്രാം കഞ്ചാവല്ല എന്നാണ്. ദലിതനായതിലാണ് കേസും വാര്‍ത്തകളും എന്നാണ്. ലഹരി ഉപയോഗിച്ചെന്ന് വേടന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ ഹിരണ്‍ദാസിന് ലഭിക്കുന്ന പിന്തുണയെ അതൊന്നും സ്വാധീനിക്കുന്നില്ല. അപ്പോള്‍ ലഹരി ഉപയോഗിച്ചാലും നിലപാടുള്ളയാളാണെങ്കില്‍ അത് തെറ്റല്ലെന്ന തോന്നല്‍ വളര്‍ന്നുവരുന്ന തലമുറയില്‍ ഉണ്ടാവില്ലേ?



ലഹരിക്കേസില്‍ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്കോ ഷൈന്‍ ടോം ചാക്കോയ്ക്കോ ഖാലിദ് റഹ്മാദോ അഷ്റഫ് ഹംസക്കോ ലഭിക്കാത്ത പിന്തുണ വേടന് ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വാളുകളാകെ വേടന്‍ മയമാണ്. തന്‍റെ ഷോയില്‍ ലഹരിക്കെതിരെ സംസാരിച്ച വേടന്‍റെ വാക്കുകള്‍ ട്രോളുകളായും നിറയുന്നുണ്ട്. അതിനൊക്കെ മറുപടി നല്‍കാന്‍ വേടന്‍റെ സാമൂഹ്യപശ്ചാത്തലവും നിലപാടുകളുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കേസില്‍ സാമൂഹ്യപശ്ചാത്തലം എന്തായാലും നടപടി ആവശ്യമല്ലേ, അത് തുടര്‍നടപടികള്‍ക്ക് മാതൃകയാവില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.



ലഹരിക്കേസില്‍പ്പെട്ടയാളെ അമിതമായി ന്യായീകരിക്കുന്നതും സാമൂഹ്യപശ്ചാത്തലം ഉയര്‍ത്തി നേരിടാന്‍ ശ്രമിക്കുന്നതും യഥാര്‍ഥ പോരാട്ടങ്ങളെ ചവിട്ടിമെതിക്കാനേ ഉപകരിക്കൂ എന്ന് വാദിക്കുന്നവരുണ്ട്. വിനായകന്റെ അനുഭവങ്ങളും പ്രവര്‍ത്തികളും അവര്‍ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നു. വേടന്‍ പാട്ടിന്‍റെ മൂര്‍ച്ചയുള്ള രാഷ്ട്രീയം കൊണ്ട് നേടിയെടുത്ത ശത്രുക്കള്‍ അവസരം ഉപയോഗിച്ച് അയാളിലെ കലാകാരനെ ചവിട്ടിമെതിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്.



തന്‍റെ നിറത്തെ നോക്കി കൂട്ടുകാര്‍ വേടന്‍ എന്ന് കളിയാക്കി വിളിച്ചപ്പോള്‍ അയാള്‍ ആ ഉള്ളുപൊള്ളിയ തമാശയെ പേരായിത്തന്നെ ചേര്‍ത്തു. ബാല്യകാലത്ത് നേരിട്ട വിവേചനങ്ങളെ റാപ്പിന്‍റെ വരികളാക്കി. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ അന്തസിന് പ്രതിരോധം തീര്‍ത്ത് അയാള്‍ ആയിരങ്ങളെ ആകര്‍ഷിച്ചു. അത് അയാളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ചരിത്രം. എന്നാല്‍ ഇന്ന് അയാള്‍ ചെയ്ത തെറ്റിന് അതൊന്നും ന്യായീകരണമല്ല. വേടന്റെ നിലപാടുകളെ താറടിക്കാന്‍ മനപൂ‍ര്‍വം വിമര്‍ശിക്കുന്നവരുണ്ടാകാം, അവര്‍ക്ക് പ്രത്യേകലക്ഷ്യങ്ങളുമുണ്ടാകാം. പക്ഷേ ലഹരി ഉപയോഗം തെറ്റല്ലെന്ന് വാദിക്കുന്നവരും അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് തെറ്റിന്റെ ആവര്‍ത്തനമല്ലേ.

vedan-viral



വേടന്‍ മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുന്നത്. കഞ്ചാവ് കേസില്‍പ്പെട്ട സംവിധായകന്‍ ഖാലിദ് റഹ്മാനെ പിന്തുണച്ച് പോസ്റ്റുകളും കമന്റുകളുമിട്ട സെലിബ്രിറ്റികള്‍ വിമര്‍ശനത്തിന്റെ തീമഴയാണ് സോഷ്യല്‍ മീഡിയയില്‍. 



വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടേത് വിയര്‍പ്പ് തുന്നിയിട്ട കുപ്പായമാണെന്നതില്‍ സംശയമൊന്നുമില്ല. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ശബ്ദം തന്നെയാണയാള്‍. അതുകൊണ്ടുതന്നെ നമ്മുടെ നാടിനെയും യുവാക്കളെയും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വിഴുങ്ങുന്ന ലഹരിക്കെതിരെ ആയിരുന്നു അയാള്‍ നിലപാടെടുക്കേണ്ടിയിരുന്നത്, അതിനൊപ്പമല്ല. പുരോഗമനത്തിന്റെ മറപിടിച്ച് അവര്‍ വെള്ളപൂശി നശിപ്പിക്കുന്നത് ഒരു വേടനെയല്ല, ഈ നാടിനെയാണ്. വേടന്‍റെ വാക്കുകള്‍ തന്നെ കടമെടുത്ത് പറഞ്ഞാല്‍ ലഹരി ചെകുത്താനാണ്, ഒഴിവാക്കണം. ഒഴിവാക്കിയേ തീരു.