Image Credit : Facebook
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടന്‍ ജയറാം. കുറച്ചുകാലമായി മലയാളത്തില്‍ നിന്ന് വിട്ടുനിന്ന താരത്തെ പ്രേക്ഷകര്‍ കൂടുതലും കണ്ടത് ഇതരഭാഷാ ചിത്രങ്ങളിലാണ്. മലയാളത്തില്‍ ഇറങ്ങിയ അവസാന ജയറാം ചിത്രം ‘എബ്രഹാം ഓസ്‍ലറാ’യിരുന്നു. മലയാളസിനിമയില്‍ ജയറാമിനെ കാണാതായതോടെ സൈബര്‍ ലോകത്ത് ചൂടന്‍ ചര്‍ച്ചകളുയര്‍ന്നു. ഇതരഭാഷകളില്‍ പോയി താരം നിലവാരം കുറഞ്ഞ വേഷങ്ങള്‍ ചെയ്യുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. ശങ്കര്‍ ചിത്രമായ 'ഗെയിം ചെയ്ഞ്ചര്‍' ഇറങ്ങിയതോടെ ജയറാം ട്രോളുകളിലും നിറഞ്ഞു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
ഏതുഭാഷയിൽ അഭിനയിച്ചാലും അവർ തരുന്ന സ്നേഹം മറക്കാനാകില്ലെന്നും മലയാളസിനിമയോടുള്ള അവരുടെ സ്നേഹവും ആദരവുമാണ് തനിക്ക് ലഭിക്കുന്നതെന്നുമായിരുന്നു ജയറാമിന്‍റെ പ്രതികരണം. ഏതുവേഷമായാലും അത് ആസ്വദിച്ചാണ് ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ‘റെട്രോ’ സിനിമയുടെ തിരുവനന്തപുരം പ്രമോഷൻ വേദിയിൽ ജയറാം പറഞ്ഞു. 'എന്നോട് പലരും ചോദിക്കാറുണ്ട്, എന്തിനാണ് മറ്റു ഭാഷകളിൽ പോയി ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നതെന്ന്. ഞാൻ അവരോട് പറയുന്നത് മറ്റു ഭാഷകളില്‍ നിന്ന് നമ്മളെ വിളിക്കുന്നതും സ്വീകരിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒക്കെ അവർ മലയാളത്തിന് നൽകുന്ന സ്നേഹമാണെന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ വ്യക്തിപരമല്ല. തെലുങ്കിലും കന്നഡയിലും എല്ലാം അവർ എനിക്ക് തരുന്ന സ്നേഹം മലയാള സിനിമയ്ക്ക് നൽകുന്ന സ്നേഹമാണ്'.’ – താരം പറഞ്ഞു.
'വേഷം ചെറുതായാലും ഞാന്‍ അത് നന്നായി ആസ്വദിക്കാറുണ്ട്. നമ്മള്‍ എന്തുജോലി ചെയ്താലും, അത് ചെറുതായാലും വലുതായാലും എന്‍ജോയ് ചെയ്ത് ചെയ്യണം. ചെയ്യുന്ന ജോലിയില്‍ നമ്മള്‍ സന്തോഷിക്കുക. എന്നോട് വർഷങ്ങൾക്ക് മുൻപേ ആളുകൾ ചോദിച്ചിരുന്ന മറ്റൊരു ചോദ്യം, ഈ അമ്പലപ്പറമ്പിൽ ചെണ്ട കൊട്ടാൻ പോകുന്നതിനെക്കുറിച്ചാണ്. അതിൽ ഞാൻ കണ്ടെത്തുന്ന സന്തോഷം ഒരു നാഷണൽ അവാർഡ് ലഭിക്കുന്നത് പോലെയാണ്. പതിനായിരക്കണക്കിന് ആളുകൾക്കിടയിൽ നിന്ന് ചെണ്ട കൊട്ടുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം അത്രവലുതാണ്. എന്റെ ജോലി അത് എന്തായാലും ഞാൻ ചെയ്യാറുണ്ട് അതിൽ സ്വപ്‍നം കാണാറുണ്ട്, ആ സ്വപ്നങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.’ – ജയറാം പറഞ്ഞു.
മറ്റൊരു സന്തോഷവാര്‍ത്ത കൂടി ജയറാം പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ഈ വർഷം രണ്ട് മികച്ച മലയാള സിനിമകള്‍ ചെയ്യും. സിനിമകൾ ഏത് എന്നതും സംവിധായകര്‍ ആര് എന്നതും സസ്പെൻസ് ആണെന്നും ചിത്രീകരണം തുടങ്ങാൻ പോകുന്നതേയുളളു എന്നും താരം വ്യക്തമാക്കി.