Image: instagram.com/malavikamohanan

ചലച്ചിത്രമേഖലയിലെ സ്ത്രീവിരുദ്ധതതയ്ക്കെതിരെ തുറന്നടിച്ച് നടി മാളവിക മോഹനന്‍. വലിയ ഫെമിനിസ്റ്റുകളായി നടിക്കുന്ന ചില നടന്‍മാരെ തനിക്കറിയാമെന്നും മുഖംമൂടിയണിഞ്ഞുള്ള പ്രകടനമാണിതെന്നും മാളവിക കുറ്റപ്പെടുത്തുന്നു. ഹൗട്ടര്‍ഫ്ലൈക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ചലച്ചിത്ര മേഖലയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പറഞ്ഞത്. സിനിമാരംഗത്ത് ഈ വേര്‍തിരിവ് ഏതെങ്കിലും കാലത്ത് അവസാനിക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'അതിസമര്‍ഥരായ ചില നടന്‍മാരെ അറിയാം. എവിടെ എന്ത് പറയണമെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റായി പരിഗണിക്കപ്പെടാന്‍ എങ്ങനെ പെരുമാറണമെന്നും അവര്‍ക്ക് നന്നായി അറിയാം. സ്ത്രീകളെ തുല്യരായി പരിഗണിക്കുന്നത് പോലെയും, പുരോഗമന ചിന്ത പങ്കുവയ്ക്കുന്നവരെ പോലെയുമെല്ലാം അവര്‍ പെരുമാറും. പക്ഷേ പൊതുജനമധ്യത്തില്‍ നിന്ന് മാറുന്നതിന് പിന്നാലെ തീര്‍ത്തും സ്ത്രീവിരുദ്ധരായി അവര്‍ പെരുമാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറും കപടതയാണ്'- താരം കൂട്ടിച്ചേര്‍ത്തു. 

തങ്കലാനിലും യുധ്രയിലുമാണ് താരം ഒടുവിലായി അഭിനയിച്ചത്. സൂപ്പര്‍താരം പ്രഭാസിനൊപ്പമുള്ള തെലുങ്ക് ചി ത്രം 'ദ് രാജാ സാബാ'ണ് പുറത്തിറങ്ങാനുള്ള ചിത്രം.നിധി അഗര്‍വാളും റിദ്ധികുമാറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് അതിഥി വേഷത്തിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാര്‍ത്തിക്കൊപ്പമുള്ള സര്‍ദാര്‍ 2വും സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വവും ഈ വര്‍ഷം മാളവികയുടേതായി തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Actress Malavika Mohanan calls out the deep-rooted sexism in the film industry and accuses certain male actors of pretending to be feminists. In an interview with Hauterfly, she revealed how some wear a 'woke' mask in public but behave differently in private.