ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍ സി അലോഷ്യസ് നല്‍കിയ പരാതിയും അനുബന്ധിച്ചുള്ള വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ഒരു സംശയവും ഉയര്‍ന്നിരുന്നു. വിന്‍സിയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു അത്. വിന്‍സി എന്ന പേര് എപ്പോഴാണ് വിന്‍ സി എന്നായി മാറിയത് എന്നായിരുന്നു പലരുേടയും സംശയം. സോഷ്യല്‍ മീഡിയയിലും Vincy Aloshious എന്ന സ്പെല്ലിങ്ങും മാറി Win C എന്നായിരിക്കുന്നു. ഇതെപ്പോഴാണ് മാറിയതെന്നോ എന്തുകൊണ്ടാണ് മാറിയതെന്നോ പലര്‍ക്കും അറിയില്ല. ഇതിനു പിന്നിലൊരു കഥയുണ്ട്. 2023ലാണ് വിന്‍സിടെ പേര് വിന്‍ സി എന്നാകുന്നത്.
‘ഞാൻ Vincy ആണ്’, വിൻസി അലോഷ്യസ്‍ മമ്മൂട്ടിക്കയച്ച ആദ്യ വാട്സാപ്പ് സന്ദേശമാണിത്. തിരിച്ചുള്ള മമ്മൂട്ടിയുടെ മറുപടി ‘Wincy Aloshious’. എന്നായിരുന്നു, സ്പെല്ലിങ്ങിൽ മാറ്റം. വിൻസിക്ക് മമ്മൂട്ടിയുടെ സ്നേഹത്തോടെയുള്ള തിരുത്തായിരുന്നു അത്. അതോടെയാണ് വിന്‍സി ആ തീരുമാനമെടുത്ത്. ഇനിമുതല്‍ താന്‍ വിന്‍ സി ആണ്.
'കണ്ണൂർ സ്ക്വാഡിന്റെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത കാര്യം മമ്മൂക്കയോട് പറയാൻ ആണ് വാട്സാപ്പിൽ മെസേജ് അയച്ചത്. ആ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നേരിൽ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് എന്നെ നേരിട്ട് അറിയില്ലെന്നാണ് വിചാരിച്ചിരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കാനും സാധിച്ചിരുന്നില്ല. അവാർഡ് ശിൽപവുമായി എന്നെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അക്കാര്യം കൂടിയാണ് ആ വാട്സാപ്പ് ശബ്ദസന്ദേശത്തിൽ ഞാൻ പറഞ്ഞത്. അതൊക്കെ കേട്ട ശേഷം അദ്ദേഹം തന്ന മറുപടിയാണ് ‘Wincy Aloshious’. അതൊരു വലിയ അംഗീകാരമായിരുന്നു. ഞാൻ എന്നെ എങ്ങനെ മനസ്സിൽ കാണുന്നുവോ അതുപോലെയാണ് അദ്ദേഹം എന്നെയും കണ്ടത്,' മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി പറഞ്ഞത്.