‘മമ്മൂക്ക കാലില്‍ ചായ ഗ്ലാസ് വച്ച് ബാലന്‍സ് ചെയ്യും’. കുറച്ചുദിവസം മുന്‍പ് നടി ഐശ്വര്യ മേനോന്‍ ഇത് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഐശ്വര്യ പറഞ്ഞത് പലരും ട്രോളാക്കി. പക്ഷേ ഇപ്പോള്‍ തെളിവായി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടി. ബസൂക്കയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ ട്രെന്‍ഡ്.
വെള്ള വസ്ത്രത്തില്‍, ഒരു കാലില്‍ ചങ്ങലയുടെ രൂപത്തിലുള്ള ആഭരണം ധരിച്ച്, കൂളായി ഫോണ്‍ നോക്കിയിരിക്കുകയാണ് മമ്മൂട്ടി. കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്ന ഇരിപ്പിലെ പ്രധാന ആകര്‍ഷണം കാല്‍ക്കുഴയുടെ ഭാഗത്തായി ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന കട്ടന്‍ചായ ഗ്ലാസാണ്. ഐശ്വര്യ പങ്കുവച്ച് ഞൊടിയിടയില്‍ സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ വൈറലായി.
ഇതോടെ ‘പുള്ളി ഇതെല്ലാം നേരത്തെ ചെയ്തതാണ് അതും ഡ്യൂപ് ഇല്ലാതെ’ എന്ന കമന്‍റിനൊപ്പം പഴയ ചില ചിത്രങ്ങളിലെ ഷോട്ടുകള്‍ ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. രസകരമായ കമന്‍റുകളാണ് ചിത്രത്തിനു താഴെ വന്നുനിറയുന്നു.
‘ഇങ്ങനെയാണു കട്ടൻ ചായക്ക് കാലിച്ചായ എന്ന് പേരു വന്നത്’ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഭക്ഷണ സാധനം ഇങ്ങനെ കാലില്‍ വയ്ക്കരുതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതിനിടെ മമ്മൂട്ടിയുടെ കാലില്‍ കിടക്കുന്ന ആഭരണത്തിലാണ് ചിലരുടെ കണ്ണുടക്കിയത്. ഇനി ഇതാവുമോ ട്രെന്‍ഡ് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്.