സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതികള്‍ ഉയരുന്നതിനിടെ സിനിമയിലെ സ്ത്രീകള്‍ എങ്ങനെ ആയിരിക്കണം എന്ന് പറയുകയാണ് നടി മാലാ പാര്‍വതി. പലരും കളിതമാശ പോലും മനസിലാകാത്തവരാണ്. ഇതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? എന്നാണ് മാലാ പാര്‍വതി ചോദിക്കുന്നത്. സ്ത്രീകളോട് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം പലരും ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണെന്നാണ് മാലാ പാര്‍വതി പറയുന്നത്.
മാലാ പാര്‍വതിയുടെ പ്രതികരണം;
സിനിമയില്‍ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്‌ട്രെസ്സായിപ്പോയെന്ന്. എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ... പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ?
അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല. നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ്സ് വരും. അപ്പൊ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ലാ, നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ നഷ്ടം വരിക? സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.
എങ്ങനെയാണോ റോഡ് ക്രോസ് ചെയ്യുമ്പോള്‍ വലിയ വാഹനങ്ങള്‍ വരുമ്പോള്‍ അതൊന്നും തട്ടാതെ അപ്പുറമെത്തുന്നത് പോലെ ഇതിനെല്ലാമിടയിലൂടെ പോകാന്‍ പറ്റും. അതിനെ വലിയൊരു വിഷയമാക്കി കഴിഞ്ഞാല്‍ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേക്ക് പോകും.