ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ എന്ന ചോദ്യവുമായി ഗായകന്‍ ജി.വേണുഗോപാല്‍ രംഗത്ത്. മരണവാര്‍ത്തയിതാ രണ്ടാംതവണയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുകയാണെന്നും സ്കൂള്‍ ഗ്രൂപ്പിലൂടെയാണ് താനീ വിവരം അറിഞ്ഞതെന്നും വേണുഗോപാല്‍ പറയുന്നു. കശ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിങ്ങും മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത താനറിഞ്ഞതെന്നും ഇനി ഉടനൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ " ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്...." എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ.... VG.’ എന്നും കുറിക്കുകയാണ് ജി.വേണുഗോപാല്‍.

ഇത്തരത്തില്‍ പല പ്രമുഖ വ്യക്തികളുടെയും വ്യാജമരണവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. നേരത്തേ സുകുമാര്‍ അഴീക്കോട്, ഇന്നസെന്റ്, സലിംകുമാര്‍, നടി കനക, എന്നിവരുടെ പേരിലും ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. 

ENGLISH SUMMARY:

"Should I now hold a press conference to announce that I have no plans to die anytime soon?" — This is the question raised by singer G. Venugopal. He said that death news about him is circulating on social media for the second time, and he came to know about it through a school group.