Picture Credit @nazriyafahadh

കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം വ്യക്തമാക്കി നടി നസ്രിയ നസീം. വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളുണ്ടായി. വ്യക്തിപരമായ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വരികയായിരുന്നു എന്നാണ് നസ്രിയ സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. കൂട്ടുകാരടക്കം എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടാണ് നസ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

നസ്രിയ പങ്കുവച്ച കുറിപ്പ്:

എല്ലാവരും സുഖമായിരിക്കുന്നു എന്നു കരുതുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഞാന്‍ എല്ലായിടത്തുനിന്നും മാറി നില്‍ക്കുന്നതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന ആളായിരുന്നു ഞാന്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷേ കഴിഞ്ഞ കുറച്ചുമാസങ്ങളായി വൈകാരികമായും വ്യക്തിപരമായും ചില പ്രശ്നങ്ങളില്‍ കൂടി കടന്നുപോകുകയായിരുന്നു ഞാന്‍. അതുകൊണ്ടാണ് എന്നെ എവിടെയും കാണാതിരുന്നത്.

എന്‍റെ മുപ്പതാം പിറന്നാള്‍, പുതുവത്സരം, ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിന്‍റെ വിജയാഘോഷം തുടങ്ങി എന്‍റെ ജീവിതത്തിലെ നല്ല ചില നിമിഷങ്ങള്‍ എനിക്ക് ആഘോഷിക്കാനായില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാതിരുന്നതിനും ആരുടെയും കോളിനും മെസേജുകള്‍ക്കും മറുപടി തരാതിരുന്നതിനും എന്‍റെ എല്ലാ കൂട്ടുകാരോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ കാരണം നിങ്ങള്‍ക്കുണ്ടായ വിഷമത്തിനും അസൗകര്യത്തിനും ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാത്തരത്തിലും ഒതുങ്ങിക്കൂടുകയായിരുന്നു.

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച സഹപ്രവര്‍ത്തരോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ കാരണം എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടുവെങ്കില്‍ ക്ഷമിക്കണം. 

സന്തോഷകരമായ ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്നലെ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് എനിക്ക് ലഭിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒപ്പമുണ്ടായിരുന്നു മറ്റ് നോമിനികള്‍ക്കും വിജയികള്‍ക്കും ആശംസകള്‍. 

ഇത് അതീവ ദുര്‍ഘടം പിടിച്ച യാത്രയായിരുന്നു. പക്ഷേ ഞാന്‍ ഇതെല്ലാം അതിജീവിച്ചു വരികയാണ്. ഓരോ ദിവസവും നല്ല മാറ്റമാണുണ്ടാകുന്നത്. എന്നെ മനസ്സിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോട് നന്ദിയറിക്കുന്നു. പൂര്‍ണമായും പഴയപോലെയാകാന്‍ എനിക്ക് കുറച്ചുകൂടി സമയം വേണം. 

പെട്ടെന്ന് എല്ലായിടത്തു നിന്നും ഞാന്‍ അപ്രത്യക്ഷയാകാനുള്ള കാരണം എന്‍റെ കുടുംബത്തേയും കൂട്ടുകാരേയും ആരാധകരേയും അറിയിക്കണം എന്നു തോന്നിയതുകൊണ്ടാണ് ഇന്ന് ഇതിവിടെ കുറിക്കുന്നത്. 

എല്ലാവരോടും സ്നേഹം... ഞാന്‍ തിരിച്ചുവരും.

നിങ്ങളെല്ലാവരും എനിക്ക് തരുന്ന അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി.

ENGLISH SUMMARY:

Actress Nazriya Nazim has revealed the reason behind her absence from public spaces over the past few months. She mentioned that she was dealing with some emotional and personal issues. Due to personal reasons, she had to distance herself from others, Nazriya shared on social media. Her heartfelt note came soon after she received the Kerala Film Critics Award for Best Actress. In her post, Nazriya also apologized to everyone, including her friends.