ആരാധകരെ ആശങ്കയുടെ മുള്‍മുനയിലാക്കിയാണ് മാസങ്ങള്‍ക്ക് മുന്‍പ് സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍ ആശുപത്രിയിലായത്. നോമ്പ് കാലത്തിനിടയിലാണ് കടുത്ത നെഞ്ചുവേദനയെയും അസ്വസ്ഥതയെയും തുടര്‍ന്ന് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ വന്നതും. അന്നത്തെ സംഭവങ്ങളെ കുറിച്ച് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ മനസ് തുറന്നത്. ' ഗ്യാസ്ട്രിക് അറ്റാക്കാണ് അന്നുണ്ടായത്. ഭക്ഷണം വെടിഞ്ഞിരിക്കുകയായിരുന്നു. സസ്യാഹാരി വരെയായി മാറി. പിന്നീടാണ് ആശുപത്രിയില്‍ നിന്നും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയ വിവരം അറിഞ്ഞത്. വിവരങ്ങളെല്ലാം അതിലുണ്ടായിരുന്നു. നിരവധി സന്ദേശങ്ങളാണ് എനിക്ക് അതിന് ശേഷം ലഭിച്ചത്. സ്നേഹവും കരുതലും ഞാന്‍ വീണ്ടും അനുഭവിച്ചു. ഞാന്‍ ജീവിച്ചിരിക്കണമെന്ന് അവരെല്ലാം ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായി അത്'- റഹ്മാന്‍ പറയുന്നു.
' മനുഷ്യത്വം ലേശമവുമില്ലാത്ത ആളുകളോട് നമുക്ക് വിരോധം തോന്നത് സ്വാഭാവികമാണ്. ഉയര്‍ച്ച താഴ്ചകളിലൂടെ എന്‍റെ ജീവിതം കടന്നുപോയി. എല്ലാവരും അവരവരുടെ വീടുകളില്‍ സൂപ്പര്‍ ഹീറോയായിരിക്കുമെന്നതാണ് നമ്മുടെയെല്ലാം പ്രത്യേകത. പക്ഷേ എന്നെ സൂപ്പര്‍ഹീറോയാക്കിയത് എന്‍റെ ആരാധകരാണ്. അതുകൊണ്ട് വരാനിരിക്കുന്ന ടൂറിന് വണ്ടര്‍മെന്‍റെന്നാണ് ഞാന്‍ പേരിട്ടിരിക്കുന്നത്. എനിക്ക് അത്രയധികം അനുഗ്രഹങ്ങളും സ്നേഹവും ആളുകളില്‍ നിന്നും ലഭിച്ചു– റഹ്മാന്‍ വിശദീകരിച്ചു.
നീണ്ട 29 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് റഹ്മാനും സൈറബാനുവും വേര്‍പിരിഞ്ഞത്. റഹ്മാനെ പിരിയാനുള്ള തീരുമാനം സൈറയാണ് കൈക്കൊണ്ടതെന്നും കുറിപ്പില്‍ താരം വ്യക്തമാക്കിയിരുന്നു. പരസ്പരബന്ധത്തില്‍ നികത്താനാവാത്ത വിള്ളല്‍ വീണതോടെയാണ് വേദനാജനകമായ തീരുമാനം കൈക്കൊള്ളുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് റഹ്മാന്‍ ആശുപത്രിയിലായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ ടീം അപ്പോള്‍ തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. കടുത്ത നിര്‍ജലീകരണത്തെയും യാത്രയെ തുടര്‍ന്നുണ്ടായ കഴുത്തുവേദനയെയും തുടര്‍ന്നാണ് താരം ആശുപത്രിയില്‍ പോയതെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നുമായിരുന്നു താരത്തോട് അടുത്തവൃത്തങ്ങള്‍ അന്ന് വ്യക്തമാക്കിയത്. ആരോഗ്യം വീണ്ടെടുത്തതിന് പിന്നാലെ റഹ്മാന്‍ യുഎസ് പര്യടനം നടത്തിയിരുന്നു.