വിഷു ഗംഭീരമാക്കാൻ മമ്മൂട്ടിയുടേതടക്കം അഞ്ച് ചിത്രങ്ങൾ ഇന്ന് പ്രേക്ഷകരിലേക്ക് എത്തും. മമ്മൂട്ടി ചിത്രം ബസൂക്കയും, ബേസിൽ ജോസഫ് ചിത്രം മരണമാസും, നസ്ലൻ മുഖ്യവേഷത്തിലെത്തുന്ന ആലപ്പുഴ ജിംഖാനയ്ക്കും പുറമെ അജിത്ത് നായകനായ തമിഴ് ചിത്രം ഗുഡ് ബാഡ് ആൻഡ് അഗ്ളിയും സണ്ണി ഡിയൊളിന്റെ ജാഠ് എന്ന ചിത്രവുമാണ് റിലീസാകുന്നത്.
സ്റ്റൈലിഷായ ടീസറും ട്രെയിലറും പ്രീ റിലീസ് ടീസറും ഇതിനോടകം ചർച്ചയായ ബസൂക്കയുടെ സംവിധായകൻ നവാഗതനായ ഡീനോ ഡെന്നീസാണ്. മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ മേനോനും നിർണായകമായ കഥാപാത്രമാണ്. സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ,ബാബു ആന്‍റണി, ഐശ്വര്യ മേനോൻ, നീതാപിള്ളയടക്കം അഭിനയിക്കുന്ന മമ്മൂട്ടി ചിത്രത്തിന് മോഹൻലാലും പൃഥ്വിരാജും നവമാധ്യമങ്ങളിൽ വിജയാശംസ നേർന്നു.
ബേസിൽ ജോസഫ് നായകനായ മരണമാസ് സംവിധാനം ചെയ്യുന്നത് നവാഗതനായ ശിവപ്രസാദാണ്. ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമാണം.ബാബു ആന്‍റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരും ചിത്രത്തിലുണ്ട്
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലൻ മുഖ്യവേഷത്തിൽ എത്തുന്ന ആലപ്പുഴ ജിംഖാനയിൽ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് ഉൾപ്പെടെയുള്ള യുവതാരനിരയുണ്ട്. അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വേണ്ടത്ര വിജയം നേടാതെ പോയ വിടാമുയർച്ചിക്ക് ശേഷമെത്തുന്ന ഗുഡ് ബാഡ് അഗ്ളിയിൽ വലിയ പ്രതീക്ഷയിലാണ് അജിത്ത് ആരാധകർ. അജിത്തിന്റെ അറുപത്തിമൂന്നാമത് ചിത്രത്തിൽ തൃഷയാണ് നായിക.ഷൈൻ ടോം ചാക്കോയും ചിത്രത്തിലുണ്ട്. സണ്ണി ഡിയോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാഠിൽ റജീന കസാന്ദ്രയാണ് നായിക.രൺദീപ് ഹൂഡ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ ഗോപീചന്ദ് മാലിനേനിയാണ്.