പൊന്‍മാനില്‍ ബ്രൂണോയ്ക്ക് സ്വര്‍ണത്തിനായി പി.പി.അജേഷിനെ പരിചയപ്പെടുത്തുന്ന നാടക നടന്‍ മാര്‍ക്കണ്ഡേയ ശര്‍മ യഥാര്‍ഥ ജീവിതത്തില്‍ രാജേഷ് ശര്‍മ ആയിരുന്നു. 2006 കാലത്ത് കൊല്ലത്ത് ബൈബിള്‍ നാടകങ്ങളുമായി തമ്പടിച്ച കാലം. രാജേഷായിരുന്നു ബൈബിള്‍ നാടകങ്ങളിലെ യേശുക്രിസ്തു. കലാകാരന്‍മാരുടെ കൂട്ടമായ 'മോന്തായ'ത്തിന്‍റെ താവളം കടപ്പാക്കട ലക്ഷ്മി ലോഡ്ജായിരുന്നു. പൊന്‍മാന്‍റെ സംവിധായകന്‍ ജ്യോതിഷ് ശങ്കറും ഇക്കൂട്ടത്തില്‍പ്പെട്ടയാള്‍
ഈ ലോഡ്ജ് മുറിയിലേക്കാണ് കേസില്‍പ്പെട്ട "ബ്രൂണോ"വരുന്നത്. രാജേഷ് ശര്‍മയുടെ രീതിയില്‍ പറഞ്ഞാല്‍ ഏതു വള്ളിയും പിടിക്കുന്നകാലം. അങ്ങനെയാണ് പി.പി.അജേഷെന്ന സ്വര്‍ണ ഏജന്‍റിനെ പരിചയപ്പെടുത്തുന്നത്. തീരദേശത്തെ കല്യാണ വീട്ടിലേക്കുള്ള യാത്ര ഓര്‍മയുണ്ട്. കുറച്ച് സത്യവും ബാക്കിയെല്ലാം ജി.ആര്‍.ഇന്ദുഗോപന്‍റെ ഭാവനയുമെന്ന് രാജേഷ് ശര്‍മ പറയുന്നു.
പൊന്‍മാനിലെത്തിയപ്പോള്‍ രാജേഷ് ശര്‍മയെ അവതരിപ്പിച്ചത് നടന്‍ ദീപക് പറമ്പോല്‍. തന്നെ മറ്റൊരാള്‍ അവതരിപ്പിക്കുന്നത് കൗതുകത്തോടെ കണ്ടു. ഇതേ സിനിമയില്‍ രാജേഷ് ശര്‍മ ബ്രൂണോയുടെ ഇടവകയിലെ പള്ളീലച്ചനായി. “പള്ളിക്കാരേയും,വള്ളക്കാരേയും പിണക്കരുതെന്ന് പറയുന്ന, ഈ കഥാപാത്രത്തിന്‍റെ ഛായയുള്ള പുരോഹിതരെ രാജേഷ് ശര്‍മയ്ക്ക് നേരിട്ടറിയാം. മരിയാനോ അടക്കം കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളെ കണ്ടിട്ടുണ്ട്. തുരുത്തിലെ ജീവിതങ്ങള്‍ കണ്ടിട്ടുണ്ട്.
കൊല്ലത്തെ ജീവിതകാലത്ത് എട്ടോളം ബൈബിള്‍ നാടകങ്ങള്‍ എഴുതി. നാടകങ്ങളെ നവീനരീതികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം. സിനിമയില്‍ നാടകവേദിയുടെ അണിയറയില്‍ ബീഡി വലിക്കുന്ന കര്‍ത്താവ്, രാജേഷ് ശര്‍മയായിരുന്നു. ബന്ധുക്കളെ കര്‍ത്താവിനെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്ന സുഹൃത്ത്, അണിയറയില്‍ ബീഡി വലിക്കുന്നത് കണ്ട് പിണങ്ങിപ്പോയിട്ടുണ്ട്. കര്‍ട്ടന്‍ കെട്ടുന്ന കര്‍ത്താവിനെക്കണ്ട് തുറക്കാര്‍ ആശ്ചര്യപ്പെട്ട കാലമുണ്ട്. കൊല്ലത്തെ അനുഭവങ്ങള്‍ എല്ലാം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അതില്‍ പലതിലും വേദനയും ദുരന്തവുമുണ്ട്.