വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ വികാരാധീനയായ നടി നവ്യാ നായരെ ആശ്വസിപ്പിക്കാന്‍ ഓടിയെത്തി ഒരു മുത്തശ്ശി.ഗുരുവായൂര്‍ ഉത്സവവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് കൃഷ്ണസ്തുതി കേട്ട് നടി നവ്യാ നായര്‍ വികാരാധീനയായത്. ഇത് കണ്ട് കാണികളില്‍ നിന്ന് ഒരു മുത്തശ്ശി വേദിക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
സെക്യൂരിറ്റി ജീവനക്കാര്‍ മുത്തശ്ശിയെ വേദിക്കരികില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. രംഗം ശ്രദ്ധയില്‍പെട്ട നവ്യാ നായര്‍ മുത്തശ്ശിക്കരികിലെത്തി ആശ്വസിപ്പിച്ചു.മുത്തശ്ശിയുടെ കൈകളില്‍ പിടിച്ച് മുഖത്തോട് ചേര്‍ത്തു. വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് കാണികള്‍ സാക്ഷിയായത്.
സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ, ഒരു കലാകാരിയും ആസ്വാദകനും ഈശ്വരനോളം ഒന്നാകുന്ന നിമിഷം എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്‍റുകള്‍.
നൃത്തത്തില്‍ സജീവമാണ് നവ്യാനായര്‍ ഇപ്പോള്‍. മാതംഗി എന്ന നൃത്തവിദ്യാലയവും നവ്യ നടത്തുന്നുണ്ട്. റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യാണ് നടിയുടെ പുതിയ ചിത്രം.