bala-donor-elizabeth

നടന്‍ ബാലയ്ക്ക് എതിരെ മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍  നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാര്യയുള്ള സമയത്തു പോലും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നുവരെ എലിസബത്ത് സോഷ്യല്‍മീഡിയയില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, എലിസബത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാലയ്ക്ക് കരള്‍ ദാനം ചെയ്ത ജോസഫ്. ജോസഫിന്റെ വീഡിയോ ബാല തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.

ബാല ചേട്ടന്‍റെയും എലിസബത്ത് ചേച്ചിയുടെയും പ്രശ്‌നത്തില്‍ ഞാന്‍ ഇടപെടുന്നില്ല, അതില്‍ ആരുടെ പക്ഷത്ത് നില്‍ക്കാനും എനിക്ക് താത്പര്യമില്ല. പക്ഷേ എന്‍റെ പേരില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ചില വ്യക്തതകള്‍ നല്‍കേണ്ടതുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് ജോസഫ് സംസാരിച്ചു തുടങ്ങുന്നത്.

സ്വന്തം ഇഷ്ടപ്രകാരം അവയവദാനത്തിന് തയാറായ തന്നെപ്പറ്റി സംസാരിക്കാന്‍ എലിസബത്തിന് ഒരു അര്‍ഹതയുമില്ലെന്നാണ് ജോസഫ് പറഞ്ഞത്. താന്‍ ആശുപത്രിയില്‍ ഉള്ളപ്പോള്‍ എലിസബത്തും ആശുപത്രിയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അന്നൊന്നും എലിസബത്ത് കരള്‍ നല്‍കാന്‍ തയാറാണെന്ന് പറ‍ഞ്ഞതായി അറിവില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. ലക്ഷങ്ങള്‍ വാങ്ങിയാണ് താന്‍ കരള്‍ നല്‍കിയതെന്നാണ് എലിസബത്ത് അറിയിച്ചിരുന്നത്. എന്നാല്‍,  അത് തെറ്റാണെന്നും അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തെളിവ് കാണിക്കണമെന്നും ഡോണര്‍ എലിസബത്തിനെ വെല്ലുവിളിച്ചു. തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുതെന്നും ജോസഫ് പറയുന്നു. അവയവദാനം അത്ര പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും ഒരുപാട് ടെസ്റ്റുകളും ചർച്ചകളും കഴിഞ്ഞതിനു ശേഷമാണ് ഒരാൾ അവയവ ദാനത്തിനായി തയാറെടുക്കുന്നതെന്നും ജോസഫ് പറയുന്നു. 

ജോസഫിന്‍റെ വാക്കുകളിങ്ങനെ, 

എനിക്ക് എത്ര ലക്ഷം തന്നു? ഞാൻ ബാല ചേട്ടനോട് ഒന്നും ചോദിച്ചിട്ടില്ല, പക്ഷേ ചേട്ടൻ എനിക്കുവേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷേ ചെയ്ത കാര്യങ്ങൾ അല്ലാതെ അവർ എന്തൊക്കെയോ വിളിച്ചു പറയുന്നു. ചെയ്യാത്ത കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. അതുകൊണ്ടു പറയുകയാണ് എന്നെക്കുറിച്ച് ആവശ്യമില്ലാത്ത സംസാരം വേണ്ട. ഞാൻ ലക്ഷങ്ങളോ കോടികളോ വാങ്ങിയെങ്കിൽ അതിന്റെ തെളിവ് കാണിക്കണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. അല്ലാതെ ആവശ്യമില്ലാതെ എന്നെപ്പറ്റി പറയാൻ എലിസബത്ത് ചേച്ചിക്ക് ഒരു അവകാശവും ഇല്ല. ഒരു അവയവദാതാവ് എന്ന് പറയുന്നത് എന്താണെന്നാണ് കരുതിയിരിക്കുന്നത്, അതൊക്കെ അത്ര ചെറിയ കാര്യമാണോ ? ബാല ചേട്ടനെകുറിച്ച് ഡോക്ടർമാർ പറഞ്ഞത് 95% റിസ്ക് ഉള്ള ആളാണ്, ചിലപ്പോൾ ആളിനെ തിരിച്ചു കിട്ടില്ല എന്നാണ്. എന്റെ ജീവനും റിസ്ക് ഉണ്ടെന്നാണ് പറഞ്ഞത്. മെഡിക്കൽ റിപ്പോർട്ട് എടുത്തു വായിച്ചു നോക്കിയാൽ എല്ലാവർക്കും അറിയാം. കൊടുക്കുന്ന ആൾക്കും റിസ്ക് ആണ് കിട്ടുന്ന ആൾക്കും റിസ്കാണ് എന്ന് പറഞ്ഞിടത്ത് ഞാൻ എന്റെ ജീവൻ പോലും നോക്കാതെ ആണ് കരൾ കൊടുത്തത്

അങ്ങനെ ഞാൻ ചെയ്തിട്ട്, ഇപ്പോൾ ഒരാൾ വന്നു ഞാൻ കൊടുക്കാൻ റെഡി ആയിരുന്നു എന്നു പറയുമ്പോൾ എനിക്ക് വിഷമം ഉണ്ടാകുമോ? ഇല്ലേ എന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ. ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ കൊടുക്കണ്ടായിരുന്നു എന്നാണു തോന്നുന്നത്. ഇതുവരെ എന്റെ ശരീരത്ത് ഒരു കത്തി പോലും വയ്ക്കാത്ത ഞാൻ ബാല ചേട്ടന് വേണ്ടിയാണ് ഇത് ചെയ്തത്. എന്നെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശം ഉണ്ട്? കരൾ നൽകിയ ദാതാവിനെ കുറിച്ച് സംസാരിക്കാൻ എന്താണ് ഉള്ളത്?

അവയവദാനം ലോകത്ത് ഏറ്റവും മഹത്തായ കർമമാണ്‌. അത് നന്നായി അറിയാവുന്ന ഡോക്ടർ ആയ ഒരാൾ അതിനെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ജോസഫിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് ബാല പറഞ്ഞു.

ബാലയുടെ വാക്കുകള്‍, ഇന്ന് അവയവം ദാനം ചെയ്യുന്ന നല്ല മനസ്സുള്ള കുറേപ്പേരുണ്ട്. അവരെ ഒരിക്കലും മീഡിയയോ മറ്റുള്ളവരോ മോശമായി ചിത്രീകരിക്കരുത്, അത് ഒരു കുറ്റകൃത്യമാണ്. മെഡിക്കൽ ഫീൽഡിൽ ഉള്ളവർ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. അവർക്ക് അതിന്റെ പ്രാധാന്യം അറിയാവുന്നവർ ആണ്, ഒരു ജീവന്റെ പ്രാധാന്യം ഏറ്റവും കൂടുതൽ അവർക്കാണ് അറിയുന്നത്. ഞാൻ ഈ പറയുന്നത് ജേക്കബിന് വേണ്ടിയാണ്. ഒരു വിഡിയോ ഇടട്ടെ എന്ന് ജേക്കബ് എന്നോട് ചോദിച്ചു, വേണ്ട എന്നാണു ഞാൻ. പറഞ്ഞത്. പക്ഷേ ആ വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പൊ ഇത് പറയേണ്ട സ്ഥിതിയിലേക്ക് ഞാൻ വന്നു. അവന്റെ മനസ്സ് ഭയങ്കരമായി വിഷമിച്ചു പോയി. ഇത് കണ്ടാൽ വേറെ ഒരു മനുഷ്യനെ രക്ഷപെടുത്താൻ വരുന്ന മറ്റൊരു ദാതാവും സങ്കടപ്പെട്ടുപോകും, നിരുത്സാഹപ്പെടും. മെഡിക്കൽ ഫീൽഡിൽ ഉള്ളവർ തന്നെ ഇത് ചെയ്യുന്നത് വലിയ കുറ്റമാണ്. ജീവൻ നൽകുന്നത് ആണ് ഏറ്റവും വലിയ ദാനം. ഒരുപാട് ന്യൂസ് കാണുന്നുണ്ട്. പക്ഷേ ഞാൻ ഇപ്പോൾ ഇതൊന്നും ഇപ്പോൾ ശ്രദ്ധിക്കാറില്ല, എല്ലാം നിയമം കൊണ്ട് നേരിടും. അവയവദാനം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തരുത്, പുണ്യം ചെയ്യുന്നവരെ വേദനിപ്പിക്കരുത്.

ENGLISH SUMMARY:

Joseph, who donated his liver to actor Bala, has spoken out against Elizabeth. His statements have sparked discussions, adding a new dimension to the ongoing controversy